ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്. ഉടുമ്പൻചോലയിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ സജി കുമാറിൽ നിന്നും മുൻ മന്ത്രി എം.എം മണി തുക ഏറ്റുവാങ്ങി.
കൂടുതൽ വായനയ്‌ക്ക്: കനത്ത മഴ : ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് കെ.എസ്.ഇ.ബി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ധൃതഗതിയിലാണ് നടക്കുന്നതെന്ന് ഭരണസമിതി അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
ഗ്രാമപഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക്, കൊവിഡ് വാർ റൂം തുടങ്ങിയവയും പ്രവർത്തനമാരംഭിച്ചു. സന്നദ്ധ സേന, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് ടീം എന്നിവയുടെ സേവനം പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
കൊവിഡ് പോസിറ്റീവ് ആയിട്ടുള്ളതും വീടുകളിൽ സൗകര്യം ഇല്ലാത്തതുമായ ആളുകൾക്ക് ചെമ്മണ്ണാർ സെൻ്റ് സേവിയേഴ്സ് സ്കൂളിൽ ഡി.സി.സി പ്രവർത്തനമാരംഭിച്ചു. ഇവിടെ കമ്മ്യൂണിറ്റി കിച്ചണും ആരംഭിച്ചിട്ടുണ്ട്.
വാർഡ് മെമ്പർമാർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധ സേന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ജാഗ്രത സമിതിയുടെ പ്രവർത്തനം എല്ലാ വാർഡുകളിലും ശക്തമാണ്. ഗ്രാമ പഞ്ചായത്ത് തലത്തിൽ ലഭ്യമാക്കിയിട്ടുള്ള ആംബുലൻസ് സൗകര്യത്തിന് പുറമേ ഓരോ വാർഡും കേന്ദ്രീകരിച്ചു പ്രത്യേക വാഹന ക്രമീകരണങ്ങൾ ഒരുക്കിയെന്നും ഭരണസമിതി വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന് പഞ്ചായത്ത് സർവ്വ സജ്ജമാണെന്ന് ഭരണസമിതി അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. എൻ.പി സുനിൽ കുമാർ, കെ.വി ഷാജി, ബീന ബിജു, ജിജി വർഗ്ഗീസ്, സെക്രട്ടറി പി.വി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.