ഇടുക്കി : തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ കൊല്ലപ്പെടുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം പെരിയവര എസ്റ്റേറ്റിലെ ചോലമലയിൽ ഒരു പശു കൂടി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഒരു വര്‍ഷത്തിനിടെ കടുവയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ട കന്നുകാലികളുടെ എണ്ണം 36 ആയി.
പെരിയവര എസ്റ്റേറ്റ് ചോലമല സ്വദേശി മാരിയമ്മയുടെ പശുവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തൊഴിലാളിയുടെ പ്രധാന വരുമാന മാര്‍ഗമായിരുന്ന പശു ഒരു ദിവസം 14 ലിറ്റര്‍ വരെ പാല്‍ നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചോലമലയിലെ മുപ്പതാം നമ്പര്‍ ഫീല്‍ഡിന് സമീപം മേയുകയായിരുന്ന പശുവിനെ കടുവ ആക്രമിച്ചത്. അതുവഴി വന്ന കന്നുകാലി പരിപാലകനായ കന്തസാമിയാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്.
രണ്ട് കടുവകള്‍ ഒരേ സമയം പശുവിനെ ആക്രമിക്കുകയായിരുന്നുവെന്നും അലറിവിളിച്ചതോടെ കടുവകൾ പശുവിന്‍റെ പിടിവിട്ട് ഓടി മറഞ്ഞെന്നും കന്തസാമി പറയുന്നു.
കഴുത്തില്‍ മാരകമായി പരിക്കേറ്റ പശുവിനെ വീടിന് സമീപമുള്ള തൊഴുത്തിലെത്തിച്ചെങ്കിലും രാത്രിയോടെ ജീവന്‍ നഷ്ടപ്പെട്ടു.
കന്നുകാലികള്‍ക്കെതിരായ ആക്രമണം പതിവായിട്ടും നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്.