ഇടുക്കി : തൊടുപുഴ മങ്ങാട്ടുകവലയില്‍ അതിഥി തൊഴിലാളിയെ മര്‍ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശികളായ ബിനു, വിഷ്‌ണു, നിപുന്‍ എന്നിവരാണ് പിടിയിലായത്. ഭക്ഷണം പാഴ്‌സല്‍ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
ഹോട്ടല്‍ തൊഴിലാളിയായ അസം സ്വദേശി നൂർ എന്ന നജ്‌റുൽ ഹക്കിനാണ് മർദനമേറ്റത്. കഴിഞ്ഞ ഞായറാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മങ്ങാട്ടുകവലയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മൂവര്‍സംഘം കഴിച്ച ശേഷം ബാക്കി വന്നത് പാഴ്‌സലായി നല്‍കാന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടു.
എന്നാല്‍ പാഴ്‌സല്‍ എടുക്കുന്നതിനിടെ കൂടുതല്‍ ഭക്ഷണം സൗജന്യമായി നല്‍കണമെന്നായി ആവശ്യം. ഇത് അനുസരിക്കാതെ വന്നതോടെയാണ് തൊഴിലാളിയെ സംഘം ക്രൂരമായി മര്‍ദിച്ചത്.
പൊലീസിൽ പരാതിപെട്ടാൽ കൊന്നുകളയുമെന്നും ഹോട്ടൽ ജീവനക്കാരനെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം തൊഴിലാളിയുടെ വിശദമായ മൊഴി എടുക്കുമെന്നും പരാതി ലഭിക്കാന്‍ വൈകിയെന്നും പൊലീസ് അറിയിച്ചു.
Read More: പാർസൽ തർക്കം; ഇടുക്കിയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിക്ക് മർദനം
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ അടിസ്ഥാനമാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.