ഇടുക്കി : ചെമ്മണ്ണാർ ഗ്യാപ് റോഡ് നിർമാണം നടന്നുകൊണ്ടിരിക്കെ, സംരക്ഷണഭിത്തി വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു. മാവറസിറ്റി തുരുത്തേല്‍ തോമസിന്‍റെ വീടിന് മുകളിലേക്കാണ് മതില്‍ മറിഞ്ഞുവീണത്. രാത്രിയില്‍ വലിയ ശബ്‌ദത്തോടെ എന്തോ വീഴുന്നത് കേട്ട് പുറത്തിറങ്ങി നോക്കുകയായിരുന്നുവെന്ന് തോമസ് പറയുന്നു. തലനാരിഴയ്ക്കാണ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്.
പോസ്റ്റ് മറിഞ്ഞ് വീണെങ്കിലും വൈദ്യുതി നിലച്ചിരുന്നു. ഉടന്‍ തന്നെ കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിച്ച് കണക്ഷന്‍ വിഛേദിച്ചു. ഉയരത്തില്‍ നിര്‍മിച്ച സംരക്ഷണഭിത്തി നിര്‍മാണത്തിന് മതിയായ വലുപ്പത്തിലുള്ള കമ്പി ഇടാത്തതും, റോഡിന്‍റെ മുകള്‍ഭാഗത്ത് കലുങ്കിലൂടെ ഒഴുകി പോകാതെ വെള്ളം കെട്ടി നിന്നതുമാണ് ഇടിച്ചിലിന് കാരണമെന്നാണ് വിവരം.
കലുങ്കിനോട് ചേര്‍ന്ന് നിര്‍മിച്ച കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന്‍റെ മുകളില്‍ പതിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. റോഡ് ഇനിയും ഇടിയുമെന്ന അവസ്ഥയിലാണ്. അശാസ്ത്രീയമായ നിർമാണമെന്ന് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മാവറസിറ്റിയില്‍ വഴിയരികിലുണ്ടായിരുന്ന 11 കെ.വി ഇലക്ട്രിക്ക് പോസ്റ്റും ചെരിഞ്ഞ് വീണു.
നിര്‍മാണ സമയത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സൈറ്റില്‍ പരിശോധന നടത്താറില്ലെന്നും കരാറുകാരുടെ ഡ്രൈവര്‍ പറയുന്നത് പോലെയാണ് സിമന്‍റും ,കമ്പിയും ചേര്‍ക്കാറുള്ളതെന്നും അപകടം നടന്ന വീട്ടിലെ അംഗമായ ലിസി പറയുന്നു.
അപകട ഭീതിയില്‍ പ്രദേശവാസികള്‍
റോഡ് പണിയുടെ പേരില്‍ സമീപത്തെ വീട്ടിലേക്കുള്ള വഴിയടച്ചെന്ന പരാതിയുമുണ്ട്. റോഡിന് താഴെയുള്ള തങ്ങളുടെ വീട്ടിലേക്കിറങ്ങാന്‍ വഴി നല്‍കാതെ ഉയരം കൂടുതലുള്ള സംരക്ഷണഭിത്തി നിര്‍മ്മിച്ചെന്ന് മാവറസിറ്റി നീറനാനിക്കല്‍ സുഷമ ഷാജന്‍ പറഞ്ഞു.
കോണ്‍ക്രീറ്റ് ഭിത്തിയില്‍ വിള്ളല്‍ രൂപപ്പെട്ട് ഏതുസമയത്തും വീടിന് മുകളിലേക്ക് പതിക്കാന്‍ സാധ്യയുണ്ടെന്നും ഭീതിയിലാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പിഞ്ചുകുഞ്ഞടക്കമുള്ളവര്‍ താഴെ 20 സെന്‍റ് സ്ഥലത്ത് മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീട്ടില്‍ ഭയത്തോടെയാണ് കഴിയുന്നത്. ഇവര്‍ മകളുടെ പരീക്ഷ ആവശ്യത്തിനായി നാട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് വഴിയടച്ചുകൊണ്ട് സംരക്ഷണഭിത്തി നിര്‍മിച്ചത്.
സമീപത്തുള്ള കലുങ്കില്‍ നിന്നും ഒഴുകി വരുന്ന വെള്ളം അടുത്തുള്ള രണ്ട് വീടുകള്‍ക്കും ഭീഷണിയാണെന്നും ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ALSO READ : സ്‌കൂൾ തുറക്കൽ : വിദ്യാഭ്യാസ - ആരോഗ്യ മന്ത്രിമാർ മുഖ്യമന്ത്രിക്ക് മാർഗരേഖ കൈമാറി