ഇടുക്കി : ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തി സ്വൈര്യ വിഹാരം നടത്തുകയും വീടുകള്‍ ഉള്‍പ്പടെ ആക്രമിക്കുകയും ചെയ്യുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള വനം വകുപ്പിന്‍റെ ദൗത്യം ഈമാസം 26 ലേക്ക് മാറ്റി. ഇതുപ്രകാരം അന്നേദിവസം രാവിലെ നാലിന് ആനയെ മയക്കുവെടി വയ്ക്കും. ഇതിനായുള്ള മോക് ഡ്രിൽ 25 ന് നടക്കും. രണ്ട് കുങ്കിയാനകൾ എത്തുന്നത് താമസിക്കുന്നതും പൊതു പരീക്ഷയും പരിഗണിച്ചാണ് നടപടി.
എന്തെല്ലാം ഒരുക്കങ്ങള്‍ : മാര്‍ച്ച് 25ന് നടത്താനിരുന്ന ദൗത്യമാണ് ഒരു ദിവസത്തേക്ക് നീട്ടിയത്. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും ജനങ്ങൾക്ക് നിർദേശം നല്‍കുന്നതിനുമായി പ്രത്യേക യോഗം ചിന്നക്കനാലിൽ ചേർന്നു. 26ന് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ചില വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. 26ന് ദൗത്യം വിജയകരമായി പൂർത്തിയാക്കാനായില്ലെങ്കിൽ 27ന് തുടരും. അന്നേദിവസം എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തും.
ആനയെ മയക്കുവെടി വച്ച് പിടികൂടുന്നതിനായുള്ള മോക് ഡ്രിൽ 25ന് നടക്കും. ജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിനായി 25ന് മലയാളം, തമിഴ്, ഗോത്ര ഭാഷകളിൽ അനൗൺസ്‌മെന്‍റും നടത്തും. മാത്രമല്ല ദൗത്യം നടക്കുന്ന ദിവസങ്ങളിൽ ചിന്നക്കനാലിൽ വിനോദ സഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തും.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനായി തിങ്കളാഴ്‌ച തന്നെ വിക്രം എന്ന കുങ്കിയാനയെ എത്തിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ നിരവധി ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുള്ള സൂര്യൻ എന്ന കുങ്കിയാനയും വയനാട്ടില്‍ നിന്നും ദൗത്യത്തിന്‍റെ ഭാഗമാവാന്‍ എത്തിയിരുന്നു.
ആരാണ് അരിക്കൊമ്പന്‍ : പടയപ്പ, ചക്കരക്കൊമ്പന്‍, മൊട്ടവാലന്‍, ഹോസ് കൊമ്പന്‍ തുടങ്ങി ഇടുക്കിയില്‍ കാടുവിട്ട് നാട്ടിലിറങ്ങിയ കൊമ്പന്മാരെല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ മോഷണം പ്രധാന ഹോബിയായി എടുത്ത ഒരല്‍പം പ്രശ്‌നക്കാരനാണ് അരിക്കൊമ്പന്‍. കള്ളക്കൊമ്പന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവന്‍ അരി മോഷണം പതിവാക്കിയതോടെയാണ് ഈ പേര് വീഴുന്നത്. വീടുകള്‍, റേഷന്‍ കടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അരിക്കൊമ്പന്‍റെ മോഷണങ്ങളത്രയും. റേഷന്‍ കട തകര്‍ത്ത് അരി അകത്താക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നിരവധി തവണ വൈറലായിരുന്നു. എന്നാല്‍ അക്രമം സഹിക്കവയ്യാതായതോടെയാണ് അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യം ഉയര്‍ന്നത്.
കെണി ഒരുക്കുന്നത് തന്ത്രപരമായി : കുങ്കിയാനകളെ എത്തിച്ച് തികച്ചും നാടകീയമായി തന്നെ അരിക്കൊമ്പനെ പൂട്ടാനുള്ള നീക്കങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇതില്‍ തന്നെ കൊമ്പന്‍റെ വീക്‌നസ് തന്നെ മുതലെടുത്ത് റേഷന്‍ കടയുടെ സെറ്റ് ഇട്ട് അരിക്കൊമ്പനെ ആകര്‍ഷിച്ച് മയക്കുവെടി വയ്‌ക്കാനാണ് വനം വകുപ്പ് തീരുമാനം. തുടര്‍ന്ന് കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റി പ്രദേശത്ത് നിന്ന് അരിക്കൊമ്പനെ നീക്കുകയാണ് ലക്ഷ്യം.
പ്രദേശവാസികളുടെ പരാതി ശക്തമായതോടെ ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. റിപ്പോര്‍ട്ട് പരിഗണിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗ സിങ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു. മാത്രമല്ല വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ സ്ഥലത്ത് നേരിട്ടെത്തി വിശദമായ പഠനം നടത്തുകയും കൊമ്പനെ പിടികൂടാനുള്ള നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്‌തിരുന്നു.