ഇടുക്കി: സർവകക്ഷി യോഗ തീരുമാനങ്ങൾ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കാത്തത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം വർഗീസ് വെട്ടിയാങ്കൽ. കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം നടത്തുന്ന റിലെ സത്യാഗ്രഹത്തിന്‍റെ 44-ാം ദിവസത്തെ സമര പരിപാടികൾ ഉദ്ഘാടനം ചെയ്ത് ചെറുതോണിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 23 വന്യജീവിസങ്കേതങ്ങൾ ബഫർസോൺ ആക്കി പ്രഖ്യാപിച്ചത് വലിയ വിപത്തിന് വഴിവെച്ചിരിക്കുകയാണ്. രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 44-ാം ദിവസത്തെ സത്യാഗ്രഹ പരിപാടികൾ നടന്നത്. മണ്ഡലം പ്രസിഡന്‍റ് പി പി ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോർജ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം കമ്മിറ്റി അംഗം ജോസ് കണ്ടത്തിൻകര, മണ്ഡലം സെക്രട്ടറി ബേബി പടിഞ്ഞാറേകുടി, മണ്ഡലം കമ്മിറ്റി അംഗം ചാക്കോച്ചൻ ചുടമ്മനായിൽ തുടങ്ങിയവർ സംസാരിച്ചു.