ഇടുക്കി: സ്വന്തമായി നിർമിച്ച കാരിബാഗുകളിലൂടെ വേറിട്ടൊരു ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് ഇടുക്കിയിൽ ഒരുകൂട്ടം സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ. പ്ലാസ്റ്റിക് മുക്ത കേരളം, ലഹരിവിമുക്ത നവകേരളം എന്നീ ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് ബോധവത്‌കരണ പരിപാടി. കാന്തിപ്പാറ സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളാണ് വ്യത്യസ്‌തതയാർന്ന ബോധവത്‌കരണവുമായി രംഗത്തിറങ്ങിയത്.
കേഡറ്റുകൾ സ്വന്തമായി നിർമിച്ച പേപ്പർ ബാഗിന്‍റെ ഒരു വശത്ത് പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശവും മറുവശത്ത് ലഹരിക്കെതിരെയുള്ള സന്ദേശവും ചേർത്താണ് സന്ദേശബാഗുകൾ തയ്യാറാക്കിയത്. 'പ്ലാൻ ഇട്ട് ജീവിച്ചാൽ പ്ലാസ്റ്റിക്ക് കൂടില്ല' എന്ന സന്ദേശം ബാഗിന്‍റെ ഒരു വശത്തും 'സെ നോ ടു ഡ്രഗ്‌സ്' എന്ന സന്ദേശം മറുവശത്തും നൽകിയാണ് ബാഗുകൾ ആകർഷകമാക്കിയിരിക്കുന്നത്. ലഹരി ഉപയോഗവും വിൽപ്പനയും ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിനായി കേരള പൊലീസിന്‍റെ ലഹരിക്കെതിരെയുള്ള പദ്ധതിയായ യോദ്ധാവിന്‍റെ വാട്‌സ്‌ആപ്പ് നമ്പറും (9995966666) ബാഗുകളിൽ ചേർത്തിട്ടുണ്ട്.
കേഡറ്റുകളുടെ ആശയത്തിന് ഹെഡ്‌മാസ്റ്റർ വി.ജെ. ബിജു പിന്തുണ അറിയിച്ചതോടെ എസ്‌പിസി ചാർജുള്ള അധ്യാപകരായ സിജോമോൻ ജോസഫ്, ബിറ്റിമോൾ ജെയിം എന്നിവരുടെ നേതൃത്വത്തിൽ വിവിധ വർണങ്ങളിൽ ആകർഷകങ്ങളായ 100 പരിസ്ഥിതി സൗഹൃദ സന്ദേശ ബാഗുകളാണ് ഒരാഴ്‌ചത്തെ ശ്രമഫലമായി കുട്ടി പൊലീസുകാര്‍ നിർമിച്ചത്. ബാഗുകൾ രാജകുമാരി ടൗണിലെയും പരിസരപ്രദേശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളിൽ സൗജന്യമായി വിതരണം ചെയ്‌തു. പുതിയ ആശയവുമായി രംഗത്തിറങ്ങിയ കേഡറ്റുകളെ വ്യാപാരികൾ മധുരം നൽകി അഭിനന്ദിച്ചു.