ഇടുക്കി: സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി. ജൂനിയര്‍ വിഭാഗത്തില്‍ ഏഴ് സ്വര്‍ണ്ണം ഉള്‍പ്പടെ 14 മെഡലുകളും സീനിയര്‍ വിഭാഗത്തില്‍ എട്ട് സ്വര്‍ണ്ണം ഉള്‍പ്പടെ 18 മെഡലുകളും കരസ്ഥമാക്കിയാണ് തൃശൂര്‍ സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ് ഓവറോള്‍ കരസ്ഥമാക്കിയത്. ജൂനിയര്‍ വിഭാഗത്തില്‍ ആതിഥേയരായ ഇടുക്കിയും സീനിയര്‍ വിഭാഗത്തില്‍ കേരളാ പൊലിസും രണ്ടാമതെത്തി.
മിക്‌സഡ് വിഭാഗത്തില്‍ തൃശൂര്‍ എ ടീമും ബി ടീമും ആദ്യ സ്ഥാനങ്ങളില്‍ എത്തി. സീനിയര്‍ വിഭാഗത്തില്‍ പാലക്കാടിന്‍റെ എം മൃദുലും ഹര്‍ഷ വേണുവും മികച്ച താരങ്ങളായി. മൂന്ന് ദിവസങ്ങളിലായാണ് ഇടുക്കി രാമക്കല്‍മേട്ടില്‍ 40-ാമത് സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
ഹൈറേഞ്ചില്‍ ആദ്യമായി സംഘടിപ്പിച്ച സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പിന് വന്‍ വരവേല്‍പ്പാണ് നാട്ടുകാര്‍ ഒരുക്കിയത്. ജനകീയ പങ്കാളിത്തത്തോടെയാണ് താരങ്ങള്‍ക്കായുള്ള ഭക്ഷണം, താമസ സൗകര്യം, തുടങ്ങിയവയെല്ലാം ഒരുക്കിയത്. വിവിധ ഗ്രാമ പഞ്ചായത്തുകളും കുടുംബശ്രീ പ്രവര്‍ത്തകരും ചാമ്പ്യന്‍ഷിപ്പിന്‍റെ വിജയത്തിനായി സംഘാടക സമിതിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണി നിര്‍വഹിച്ചു.