ഇടുക്കി: രാമക്കല്‍മേടിന്‍റെ മലനിരകളിലേയ്ക്ക് എത്തിയ സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പിനെ ആവേശത്തോടെ വരവേറ്റ് നാട്ടുകാര്‍. മികച്ച ഭക്ഷണവും, മുന്‍പ് മറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ലഭിക്കാത്ത മികച്ച താമസ സൗകര്യവും ഒരുക്കിയാണ് സംഘാടക സമിതി താരങ്ങളെ വരവേറ്റത്. പ്രദേശവാസികളായ നിരവധിയാളുകളാണ് ചാമ്പ്യന്‍ഷിപ്പ് ആസ്വദിക്കുന്നതിനായി മത്സരവേദിയിലേക്ക് എത്തുന്നത്.
മലയോര മണ്ണിലേയ്ക്ക് ആദ്യമായി എത്തിയ സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ് രണ്ടാം ദിനം പിന്നിടുമ്പോള്‍ ആതിഥ്യ മര്യാദ കൊണ്ട് രാമക്കല്‍മേട് കായിക താരങ്ങളുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു. മുന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി രാമക്കല്‍മേട്ടിലെ റിസോര്‍ട്ട്, ഹോംസ്‌റ്റേ അസോസിയേഷനുകളുടെ സഹകരണത്തോടെ മികച്ച താമസ സൗകര്യമാണ് ഒരുക്കിയത്.
ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന രാമക്കല്‍മേട് എസ്.എന്‍ ഓഡിറ്റോറിയത്തിനോടനുബന്ധിച്ച് ഭക്ഷണം ഒരുക്കന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ വെജ്, നോണ്‍ വെജ് വിഭവങ്ങളാണ് ഓരോ നേരവും ക്രമീകരിക്കുന്നത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള ആയിരത്തിലധികം താരങ്ങള്‍, പരിശീലകര്‍, ജൂഡോ ഓഫീഷ്യല്‍സ്, രക്ഷകർത്താക്കള്‍ തുടങ്ങി നിരവധി പേരാണ് ചാമ്പ്യന്‍ഷിപ്പിനായി രാമക്കല്‍മേട്ടില്‍ എത്തിയിരിക്കുന്നത്. മത്സരത്തില്‍ പങ്കാളികളാകുന്നതിനൊപ്പം രാമക്കല്‍മേടിന്‍റെ മനോഹാരിതയും ആസ്വദിയ്ക്കാനുള്ള അവസരമാണ് ഇവര്‍ക്ക് ലഭ്യമായത്.
തൃശൂർ മുന്നിൽ
അതേസമയം സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം ദിനം ഏഴ് സ്വര്‍ണ്ണവും ഒരു വെള്ളിയും ആറ് വെങ്കലവും കരസ്ഥമാക്കി തൃശൂര്‍ ജില്ലയാണ് മുന്‍പില്‍. ആതിഥേയരായ ഇടുക്കി രണ്ട് സ്വര്‍ണ്ണവും ആറ് വെള്ളിയും നാല് വെങ്കലവുമായി രണ്ടാമതുണ്ട്. രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയും രണ്ട് വെങ്കലവും നേടിയ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. ഒന്ന് വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും കരസ്ഥമാക്കിയ കണ്ണൂരും പത്തനംതിട്ടയും തൊട്ടടുത്ത സ്ഥാനത്തുണ്ട്.
ALSO READ: ഇനിയും നഷ്ടം സഹിക്കാൻ വയ്യ, യാത്രാനിരക്ക് കൂട്ടണം, അനിശ്ചതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍
ജൂനിയര്‍, സീനിയര്‍, മിക്‌സഡ് വിഭാഗങ്ങളിലായി ആയിരത്തോളം താരങ്ങളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. വിവിധ ജില്ലാ ടീമുകള്‍ക്കൊപ്പം കേരളാ പൊലീസ് ടീമും മത്സര രംഗത്തുണ്ട്. ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.