എറണാകുളം: സിൽവർ ലൈൻ സർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബഞ്ച്. സിംഗിൾ ബഞ്ച് ഇടപെടലിനെതിരെ സർക്കാർ വീണ്ടും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. അപ്പീൽ പരിഗണനയിലിരിക്കെ സിംഗിൾ ബഞ്ച് വീണ്ടും ഉത്തരവിട്ടുവെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിച്ചു.
സർക്കാർ നൽകിയ ഈ ഹർജി ഡിവിഷൻ ബഞ്ച് വിധി പറയാനായി മാറ്റി. നേരത്തെ സിൽവർ ലൈൻ സർവേ നടപടികൾ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു. സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജിയിലായിരുന്നു ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയത്. ഇതേ വിഷയത്തിൽ സിംഗിൾ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വന്ന മറ്റ് ഹർജികളിൽ സർവേ തടഞ്ഞ് വീണ്ടും സിംഗിൾ ബെഞ്ച് ഉത്തരവിറക്കുകയായിരുന്നു.
സിംഗിൾ ബഞ്ചിന്‍റെ നിർദേശം ഒഴിവാക്കി ഹൈക്കോടതി
സർക്കാർ വാദം കേൾക്കാതെ ഡിവിഷൻ ബഞ്ചിന്‍റെ പരിഗണനയിലുള്ള വിഷയത്തിൽ സിംഗിൾ ബഞ്ച് ഉത്തരവ് ഇറക്കിയെന്ന് എ.ജി കോടതിയെ അറിയിച്ചു. ഇതോടെയാണ് ആ ഉത്തരവും തങ്ങൾ റദ്ദാക്കുമെന്ന് ഡിവിഷൻ ബഞ്ച് അറിയിച്ചത്. ഡി.പി.ആർ വിശദാംശങ്ങൾ അറിയിക്കണമെന്ന സിംഗിൾ ബഞ്ചിന്‍റെ നിർദേശവും ഹൈക്കോടതി ഒഴിവാക്കിയിരുന്നു.
പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവേ ആന്‍ഡ് ബൗണ്ടറി ആക്‌ട് പ്രകാരം സർവേ നടത്താമെന്ന് അപ്പീൽ പരിഗണിച്ച വേളയിൽ തന്നെ ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഹർജിക്കാരുടെ ഭൂമിയിൽ സർവേ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചായിരുന്നു പരിഗണിച്ചത്. സിൽവർ ലൈൻ സർവേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം.
സർവേ നിർത്തിയാല്‍ പദ്ധതി വൈകും
സർക്കാരിന്‍റെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹർജിയിലെ പരിഗണന വിഷയങ്ങൾക്കപ്പുറം കടന്നാണ് സിംഗിൾ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുവഴി സർവേ നിർത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴിതെളിയ്ക്കും. സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നും സർക്കാർ വാദിച്ചിരുന്നു.
സിൽവർ ലൈനിനെതിരായ ഹർജി സമർപ്പിച്ചവർ പദ്ധതിയുടെ ഡി.പി.ആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡി.പി.ആർ സംബന്ധിച്ച സിംഗിൾ ബഞ്ച് പരാമർശങ്ങൾ ഹർജിയുടെ പരിഗണന പരിധി മറികടക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഡി.പി.ആർ നടപടികൾ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിക്കരുതെന്നും അപ്പീലിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളും ഡിവിഷൻ ബഞ്ച് നേരത്തെ തന്നെ അംഗീകരിച്ചിരുന്നു.
ALSO READ: കേന്ദ്രത്തെ വിമർശിച്ചും സംസ്ഥാനത്തിന്‍റെ നേട്ടങ്ങൾ എണ്ണി പറഞ്ഞും ഗവർണറുടെ നയപ്രസംഗം