ഇടുക്കി: കൊവിഡ് തീർത്ത പ്രതിസന്ധികളെ തരണം ചെയ്‌ത് ഇടുക്കി ജില്ലയിലെ തമിഴ്‌നാട് അതിർത്തിഗ്രാമങ്ങളിലെ പാടങ്ങളിൽ എള്ള് കൃഷി വിളവെടുത്തു തുടങ്ങി. കൊവിഡ് കാലത്തോടെ തരിശായ് മാറിയ കമ്പം, തേവാരം മേഖലകളിലെ പാടശേഖരങ്ങളിൽ രണ്ട് മാസം മുമ്പ് ഇറക്കിയ കൃഷിയാണ് ഇപ്പോൾ വിളവെടുക്കുന്നത്. മുമ്പ് പച്ചക്കറികളും നെല്ലും വിളഞ്ഞിരുന്ന പാടങ്ങളിൽ മൂന്നാം വിളയായ് ഇറക്കിയ എള്ളിന് മികച്ച വിലയും ഉത്പാദനവുമാണ് ഇത്തവണ ലഭിക്കുന്നത്. നല്ലെണ്ണയ്ക്കും എള്ള് ഉത്പന്നങ്ങൾക്കും കേരളം ആശ്രയിക്കുന്നത് തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ എള്ളുകൃഷി നടത്തുന്ന തേനി, മധുര, കമ്പം, തേവാരം മേഖലകളെയാണ്.
കഴിഞ്ഞവർഷം എള്ള് ഉദ്പാദനം തമിഴ്‌നാടൻ ഗ്രാമങ്ങളിൽ ഗണ്യമായ് കുറഞ്ഞതോടെ കേരളത്തിൽ എള്ളെണ്ണയുടെ വില മുന്നൂറോട് അടുത്തിരുന്നു. കൃഷിയിറക്കേണ്ട സമയത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ പാടങ്ങൾ കൃഷിയിറക്കാതെ തരിശായ് കിടന്നു. പ്രതിസന്ധികൾക്കിടയിലും വിത്തിറക്കിയ കർഷകരാണ് ഇപ്പോൾ വിളവെടുത്ത് വൻ നേട്ടം കൈവരിച്ചിരിക്കുന്നത്. ക്വിന്‍റലിന് 32000 രൂപവരെ ഇപ്പോൾ വിലയുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന എള്ള് ഭൂരിഭാഗവും കേരളത്തിലേക്കാണ് എത്തുന്നത്. എള്ള് വിളവെടുത്ത പാടങ്ങളിൽ ഈയാഴ്‌ച തന്നെ പച്ചക്കറി കൃഷിയും തുടങ്ങും. മേഖലയിൽ പച്ചക്കറി ഉത്പാദനം സജീവമാകുന്നതോടെ ഇടുക്കി അടക്കമുള്ള അതിർത്തി ജില്ലകളിൽ പച്ചക്കറി വിലയും കുത്തനെ കുറയും.