ഇടുക്കി: അനധികൃതമായി ഗുണനിലവാരം ഇല്ലാത്ത വളങ്ങളും കീടനാശിനികളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്‌തമാക്കി കൃഷി വകുപ്പ്. ലൈസന്‍സില്ലാതെ ജൈവവളം വില്‍പ്പന നടത്തിയ രാജാക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പൈസസ് പ്രൊഡ്യൂസര്‍ കമ്പനിക്ക് എതിരെ കൃഷി വകുപ്പ് നടപടി ആരംഭിച്ചു. രാജക്കാട് ഡിപ്പോയില്‍ വിൽപ്പന നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .ഇതേ സ്ഥാപനത്തിന്‍റെ കരിമണ്ണൂര്‍, മരിയാപുരം, വാത്തിക്കുടി ഡിപ്പോകളില്‍ ഇന്നലെ കൃഷി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. സംസ്ഥാനവ്യാപകമായി ഇവരുടെ ഡിപ്പോകളിൽ പരിശോധന നടത്തുവാനാണ് കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഗുണനിലവാരമില്ലാത്ത ജൈവവളം ഉപയോഗിച്ചതിനാല്‍ കൃഷി നശിച്ചതായി ഉടുമ്പന്‍ചോലയിലെയും രാജാക്കാട് മേഖലയിലെയും കര്‍ഷകര്‍ മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവർക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും പരിശോധന നടത്താനും ഉല്‍പ്പന്നങ്ങളുടെ പരിശോധനാഫലം നാല് ദിവസത്തിനകം കൃഷി ഡയറക്‌ടറേറ്റില്‍ സമര്‍പ്പിക്കുവാനും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് കൃഷിവകുപ്പ് ഡയറക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ സൂസന്‍ ബെഞ്ചമിന്‍റെ നേതൃത്വത്തിലാണ് വളം വില്‍പന കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്. റെയ്‌ഡ് നടന്ന സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ജൈവവളങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വളം വില്‍പന കേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി.ടി സുലോചന പറഞ്ഞു. എഫ്‌സിഒ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണോ കമ്പനി പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കുവാനും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനി ഔട്ട്‌ലെറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും കൃഷി ഡയറക്‌ടറേറ്റില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നുണ്ട്.