ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ റവന്യൂ ഭൂമിയിലെ കയ്യേറ്റം ഒഴുപ്പിച്ചു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചിന്നക്കനാല്‍ മുട്ടുകാട് മുനിയറകുന്നിലെ വിവിധ ഇടങ്ങളിലായി പത്തേക്കറിലധികം വരുന്ന കയ്യേറ്റമാണ് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒഴുപ്പിച്ചത്. കയ്യേറ്റത്തിന് പിന്നില്‍ റിസോര്‍ട്ട് ഭൂമാഫിയാണെന്നാണ് സൂചന.
മഹാശിലായുഗത്തിന്‍റെ ചരിത്ര ശേഷിപ്പുകള്‍ അവശേഷിക്കുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുനിയറകുന്നിലെ ഭൂമിയാണ് കയ്യേറ്റ മാഫിയ കൈയടക്കാൻ ശ്രമം നടത്തിയത്. ചിന്നക്കനാല്‍ വില്ലേജില്‍ തരിശായി രേഖപ്പെടുത്തിയിരിക്കുന്ന 213 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. വലിയ ടൂറിസം സാധ്യത നിലനില്‍ക്കുന്ന മലമുകളില്‍ വിവിധ ഇടങ്ങളിലായിട്ടാണ് ഏലം കൃഷി ആരംഭിച്ച് കയ്യേറ്റം നടത്തിയത്.
ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ സുനില്‍ കെ പോളിന്‍റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഏലച്ചെടികള്‍ പിഴുതുമാറ്റി. ജലസേചനത്തിനായി സ്ഥാപിച്ചിരുന്ന ഹോസുകളും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കയ്യേറ്റം കണ്ടെത്തിയാല്‍ നടപടികളുമായി മുമ്പോട്ട് പോകുമെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി.
സ്ഥലം കയ്യേറിയതാരാണെന്നതില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ചും റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
Also read: മുട്ടിൽ മരം മുറി; മന്ത്രിയും ആരോപണ വിധേയനും ഒരേ വേദിയിൽ