ഇടുക്കി: ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തത് മാധ്യമങ്ങളിലൂടെ വൈറലായതിന് പിന്നാലെ ദിവസേന ആയിരകണക്കിന് സഞ്ചാരികളാണ് നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാൻ ഇവിടേയ്ക്ക് എത്തുന്നത്. തദ്ദേശീയരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളാണ് നീലക്കുറിഞ്ഞിയുടെ മനോഹാര്യത ആസ്വദിക്കാന്‍ എത്തുന്നത്. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന വർണ വിസ്‌മയം കാണാനും ചിത്രങ്ങൾ പകർത്താനും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സഞ്ചാരികളുടെ തിരക്ക് ക്രമാതീതമായി വർധിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ശാന്തൻപാറ ഗ്രാമപഞ്ചായത്തും വനം വകുപ്പും. ദുർഘട പാതയായതിനാൽ മലമുകളിലേയ്ക്കുള്ള വാഹനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്ര വാഹനങ്ങളെ പൂർണമായും വിലക്കി. പെർമിറ്റുള്ള ടാക്‌സി വാഹങ്ങൾക്ക് മാത്രമാണ് ഇനി മലമുകളിലേക്ക് പ്രവേശനം അനുവദിക്കുക.
പ്ലാസ്റ്റിക്ക് വസ്‌തുക്കൾക്കും പൂർണമായി പഞ്ചായത്ത് നിരോധനം ഏർപ്പെടുത്തി. ഇതിനായി ഹരിതകർമ്മ സേനയെ നിയമിക്കുകയും ചെയ്‌തു. ശാന്തൻപാറ വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന മേഖലായതിനാൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം. അഞ്ചരയ്ക്ക് ശേഷം വനം വകുപ്പ് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്.
കുറിഞ്ഞി ചെടികളും സസ്യവൈവിധ്യവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി വനം വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. കുറിഞ്ഞി മലനിരകളുടെ സംരക്ഷണവും സന്ദർശകരുടെ സുരക്ഷയും മുൻനിർത്തിയാണ് വിവിധ വകുപ്പുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മലമുകളിലേക്കുള്ള വാഹങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വരുന്ന ഒരാഴ്‌ചക്കാലം കൂടി സന്ദർശകരുടെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.