ഇടുക്കി: കാറ്റിൻ്റെ ചൂളം വിളികളും തമിഴ്‌നാടിൻ്റെ വിദൂര കാഴ്‌ചകളുമായി സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന പ്രദേശമാണ് രാമക്കല്‍മേട്. മഞ്ഞും കാറ്റും സംഗമിക്കുന്ന മലനിരയില്‍ തമിഴ്‌നാട് വീക്ഷിക്കുന്ന കുറവൻ്റെയും കുറത്തിയുടേയും കുട്ടിയുടേയും പ്രതിമക്ക് പുറമെ മലമുഴക്കി വേഴാമ്പലുമുണ്ട്. എന്നാൽ കുട്ടികള്‍ക്ക് ഉല്ലസിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല. ഈ പ്രശ്‌നത്തിന് പരിഹാരമായി ചിൽഡ്രൻസ് പാർക്കും സജ്ജമാവുകയാണ്.
ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ രാമക്കല്‍മേട്, കുട്ടികള്‍ക്കും കൂടുതല്‍ ആസ്വാദ്യകരമാകും. വിവിധ കളി ഉപകരണങ്ങള്‍, ഊഞ്ഞാല്‍, സ്ലൈഡിങ് സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പടെയാണ് പാര്‍ക്ക് ഒരുക്കുന്നത്. ഇതോടൊപ്പം നടപാതകളുടെ മോടി പിടിപ്പിക്കലും അടിസ്ഥാന സൗകര്യ വികസനവും പുരോഗമിക്കുന്നു. രണ്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മേഖലയില്‍ നടപ്പിലാക്കുന്നത്. സമീപ ഡെസ്റ്റിനേഷനായ ആമപ്പാറയില്‍ വാച്ച് ടവര്‍ ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ജനുവരി അവസാനത്തോടെ ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രവര്‍ത്തന സജ്ജമാകും.
സംസ്ഥാനത്തെ പ്രധാന വീക്കെന്‍ഡ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ രാമക്കല്‍മേടില്‍ ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ലോക്ക് ഡൗണിന് ശേഷം സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ രാമക്കല്‍മേട് വീണ്ടും സജീവമായി. മൊട്ടകുന്നും തമിഴ്‌നാടന്‍ കൃഷിയിടങ്ങളുടെ വിദൂര കാഴ്‌ചയും ജീപ്പ് സഫാരിക്കും ട്രക്കിങ്ങിനുമുള്ള സൗകര്യങ്ങളും കാറ്റാടി പാടങ്ങളും രാമക്കല്‍മേടിനെ സഞ്ചാരികളുടെ പ്രിയ താവളമാക്കുന്നു.