ഇടുക്കി: ഹൈറേഞ്ചിലെ എഴുത്തുകാരുടെ രചനകള്‍ ചേര്‍ത്ത് പുസ്‌തകം പുറത്തിറക്കാനൊരുങ്ങി രാജാക്കാട് വീഥി കലാസാംസ്‌കാരിക വേദി. 'രാജവീഥിയിലെ മൊഴിമുഴക്കങ്ങള്‍' എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്‌തകം ഫെബ്രുവരിയില്‍ പ്രകാശനം ചെയ്യും. പതിനെട്ടോളം എഴുത്തുകാരുടെ കഥയും കവിതയും ലേഖനങ്ങളുമടങ്ങുന്നതാണ് പുസ്‌തകം. വീഥി കലാസാംസ്‌ക്കാരിക വേദി പുറത്തിറക്കുന്ന മൂന്നാമത്തെ പുസ്തകം കൂടിയാണിത്. എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കൂടിയാണ് വീഥിയുടെ നേതൃത്വത്തില്‍ ഇത്തരം രചനകള്‍ കോര്‍ത്തിണക്കി, പുസ്തകങ്ങള്‍ പുറത്തിറക്കുന്നതെന്ന് സാംസ്‌കാരിക വേദി പ്രസിഡന്‍റ് കെ.സി.രാജു പറഞ്ഞു.
ഏഴ് വയസുള്ള അഭിനവ മുതല്‍ എഴുപത് വയസിന് മുകളിലുള്ള കെ.എന്‍.പി.ദേവിന്റെ വരെ രചനകള്‍ പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായി ജോസ് കോനാട്ട് അവതാരിക എഴുതിയിരിക്കുന്ന പുസ്തകത്തിന്റെ എഡിറ്റര്‍ എഴുത്തുകാരി ഷീലാ ലാലാണ്. വീഥിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് നടക്കുന്ന പരിപാടിയില്‍ വച്ച് പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായി ആന്‍റണി മുനിയറ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും.