ഇടുക്കി: മലയോര മേഖലയിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിൽ കൃഷിയിടങ്ങൾ കത്തി നശിക്കുന്നത് നിത്യ സംഭവമായതോടെ രാജാക്കാട് കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ രാജാക്കാട് അടിവാരത്ത് ഒരേക്കറോളം ഏലം കൃഷി പൂർണ്ണമായി കത്തി നശിച്ചിരുന്നു. നിലവിൽ അടിമാലി, മൂന്നാർ, നെടുങ്കണ്ടം എന്നിവടങ്ങളിലാണ് ഫയർ സ്റ്റേഷനുകൾ ഉള്ളത്. ഇവിടെ നിന്നും രാജാക്കാട്, ശാന്തമ്പാറ, സേനാപതി, രാജകുമാരി, ബൈസൺവാലി അടക്കമുള്ള ഉൾഗ്രാമ പ്രദേശങ്ങളിൽ തീപിടിത്തവും മറ്റ് അത്യാഹിതവും ഉണ്ടായാൽ അഗ്‌നിശമനസേന എത്തണമെങ്കില്‍ ഒരു മണിക്കൂറിലധികം സമയം വേണ്ടിവരും. ഇതിനോടകം തീപിടിത്തമുണ്ടായ മേഖല പൂർണ്ണമായും കത്തിയമരും. അതു കൊണ്ട് തന്നെ രാജാക്കാട് കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ സ്ഥാപിച്ചാൽ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് കർഷകരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം രാജാക്കാട് അടിവാരത്തുണ്ടായ തീപിടിത്തത്തിൽ കാവുംപ്രായിൽ സദാശിവന്‍റെ ഒരേക്കറോളം ഏലത്തോട്ടം കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകനുണ്ടായത്. ബാങ്ക് വായ്പ എടുത്താണ് കൃഷി ഇറക്കിയിരുന്നത്. കൃഷി പൂർണ്ണമായി കത്തി നശിച്ചതോടെ വായ്പ തുക എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഇദ്ദേഹം. അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിന് തടയിടുന്നതിനായി രാജാക്കാട്ടിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.