ഇടുക്കി: ജില്ലാ പഞ്ചായത്തിന്‍റെ രാജാക്കാട് ഡിവിഷനില്‍ നാലാമങ്കം കുറിക്കാന്‍ യുഡിഎഫിന്‍റെ കൊച്ചുത്രേസ്യാ ടീച്ചര്‍ പടക്കളത്തിലിറങ്ങിയപ്പോള്‍ പിടിച്ചുകെട്ടാനുള്ള നിയോഗവുമായി എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് സ്‌കൂള്‍ ടീച്ചറും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ ഉഷാകുമാരി ടീച്ചറിനെയാണ്. തങ്ങളുടെ ശിഷ്യഗണങ്ങളുടെ പിന്തുണയിലൂടെ വിജയിച്ചു കേറാമെന്നാണ് ഇരു സ്ഥാനാര്‍ഥികളുടെയും പ്രതീക്ഷ.
ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നിമത്സരത്തില്‍ തന്നെ സിപിഎംലെ കരുത്തയായ വനിതാ നേതാവ് ടി.എം കമലത്തിനോട് മത്സരിച്ച് 400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കൊച്ചുത്രേസ്യാ ടീച്ചര്‍ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2010ല്‍ മഹിളാ അസോസിയേഷന്‍ നേതാവ് ഷൈലജ സുരേന്ദ്രനെ 800 വോട്ടിനും 2015ല്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.എന്‍ മോഹനനെ 1800 വോട്ടുകള്‍ക്കും പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ ഹാട്രിക് വിജയം നേടിയത്.
മൂന്നാമങ്കത്തില്‍ വിജയിച്ച കൊച്ചുത്രേസ്യാ ടീച്ചര്‍ കഴിഞ്ഞ ടേമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലിരുന്നു കൊണ്ട് നടത്തിയ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു കൊണ്ടാണ് വോട്ട് തേടുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായുള്ള ഭരണപരിചയവും മികച്ച അധ്യാപിക,വാഗ്മി എന്ന നിലയിലുമാണ് ഉഷാകുമാരി ടീച്ചര്‍ വോട്ട് അഭ്യർഥിക്കുന്നത്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തും ബിജെപിയുടെ പോഷക സംഘടനയിലും സജീവ പ്രവര്‍ത്തകയാണ് എന്‍ഡിഎ രാജാക്കാട് ഡിവിഷന്‍ സ്ഥാനാർഥിയായ രാജകുമാരി പൂവത്തിങ്കല്‍ ജയ്മോള്‍ ഫല്‍ഗുനന്‍. നിലവില്‍ ബിജെപി ഉടുമ്പന്‍ചോല മണ്ഡലം വൈസ് പ്രസിഡന്‍റ് കൂടിയാണ് ജയ്മോള്‍. കെപിഎംഎസ് പഞ്ചമി ജില്ലാ കോഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൊതുപ്രവര്‍ത്തന രംഗത്തെ പരിചയവും വികസന കാഴ്ചപ്പാടുകളും വോട്ടാക്കി മാറ്റാനുള്ള പ്രചാരണ പരിപാടികളാണ് നടന്ന് വരുന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ് കാലിന് പരുക്കേറ്റതിനാല്‍ നവമാധ്യമങ്ങള്‍ വഴിയാണ് ഇപ്പോഴുള്ള പ്രചാരണം. ത്രികോണ മത്സരം നടക്കുന്ന രാജാക്കാട് ഏവരും ഉറ്റുനോക്കുന്ന ഡിവിഷൻ ആണ് ശിഷ്യഗണങ്ങളുടെ പിന്തുണയിൽ വിജയക്കൊടി പാറിക്കാൻ അദ്ധ്യാപകരും സമൂഹമാധ്യമങ്ങളിലൂടെ വോട്ടുകൾ സ്വാന്തമാക്കാൻ എൻഡിഎ സ്ഥാനാർഥിയും കച്ചമുറുക്കിക്കഴിഞ്ഞു.