ഇടുക്കി : ജില്ലയിലെ ഇടുക്കി താലൂക്കിൽ രാത്രികാലങ്ങളില്‍ കനത്ത മഴ. മഴക്കെടുതി നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മഴ കൂടുതൽ ശക്തമായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. അണക്കെട്ടുകൾ തുറക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ പറഞ്ഞു.
അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ 41.53 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇടുക്കി താലൂക്ക് പരിധിയിൽ ഇടവിട്ട് ശക്തമായ മഴ ലഭിച്ചു. അപകട സാധ്യത കണക്കിലെടുത്ത് എല്ലാ വകുപ്പുകള്‍ക്കും ജില്ല ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി താലൂക്ക് തലത്തില്‍ നോഡല്‍ ഓഫിസര്‍മാരെയും നിയോഗിച്ചു. ഇടുക്കി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍ )- തൊടുപുഴ താലൂക്ക്, ഇടുക്കി ആര്‍ഡിഒ -ഇടുക്കി, എസിഎസ്ഒ കുമളി -പീരുമേട്, ദേവികുളം സബ് കലക്ടര്‍ -ദേവികുളം, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ആര്‍-ഉടുമ്പന്‍ചോല എന്നിവരാണ് നോഡല്‍ ഓഫിസര്‍മാര്‍. ജില്ലാ താലൂക്ക് തലത്തില്‍ കണ്ട്രോള് റൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
Also Read: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; കേരളത്തില്‍ അതി തീവ്ര മഴ
ഉടുമ്പൻചോല താലൂക്കിൽ രാത്രിയിൽ ഇടവിട്ട മഴ :- മഴയെ തുടര്‍ന്ന് തോട്ടങ്ങളിൽ പണി നിർത്തിവച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തില്ല. താലൂക്കിന്റെ പല ഭാഗത്തും ശക്തമായ മഴ ലഭിച്ചില്ല. മഴ മുന്നറിയിപ്പ് മാറുന്നതുവരെ ജില്ലയില്‍ ട്രക്കിംഗ്, ഓഫ് റോഡ് ഡ്രൈവിംഗ്, എന്നിവയ്ക്ക് കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. മലയോര റോഡുകളിലൂടെയുള്ള രാത്രി യാത്രയ്ക്കും നിയന്ത്രണമുണ്ട്.
തോട്ടം മേഖലയില്‍ മണ്ണിടിഞ്ഞും മരം വീണും അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതും നിരോധിച്ചു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ മണ്ണെടുപ്പ്, ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.