ഇടുക്കി: സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. ഇടുക്കി തങ്കമണി നാലുമുക്ക് റോഡിന്‍റെ സംരക്ഷണഭിത്തി ആണ് രണ്ടുവർഷം മുമ്പ് കാലവർഷത്തിൽ ഇടിഞ്ഞുവീണത്. മരിയാപുരത്തിന് സമീപം റോഡ് തകർന്നിട്ട് നാളിതു വരെയായെങ്കിലും പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയുമെടുത്തില്ലെന്നാണ് ആരോപണം.
റോഡ് രണ്ട് ഭാഗത്തായി 100 മീറ്ററോളം ഭാഗം ഇടിഞ്ഞ് പോകുകയും ടാറിങ്ങിന്‍റെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോകുകയും ചെയ്‌തു. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൻ്റെ നിർമാണം പൂർത്തിയായി ഏതാനും നാളുകൾക്ക് ശേഷമാണ് ഇടിഞ്ഞു വീണത്. ഇത്തരത്തിൽ അപകടകരമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്.
റോഡ് ഇടിഞ്ഞതോടെ അടുത്ത ദിവസം കരാറുകാരനെത്തി വീപ്പകൾ നിരത്തി റിബൺ കെട്ടിയതല്ലാതെ മറ്റ് പ്രവർത്തനങ്ങളും നടത്തിയില്ല. കഴിഞ്ഞ മഴക്കാലത്ത് ഇതേ സ്ഥലത്ത് ബൈക്ക് യാത്രികനായ മരിയാപുരം സ്വദേശിയായ ഡയസ് എന്ന യുവാവ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞതും നാട്ടുകാർ ചൂണ്ടിക്കാട്ടി. റോഡ് ബാക്കി ഭാഗം കൂടി തകർന്ന് ഗതാഗതം നിശ്ചലമാകുന്നതിന് മുമ്പ് പൊതുമരാമത്തു വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യം.
READ MORE: ഏലക്കാ ലോഡുമായി വന്ന കണ്ടെയ്നർ ലോറി മറിഞ്ഞു; ആളപായമില്ല