ഇടുക്കി : മറയൂർ സർക്കാർ സ്‌കൂളിന്‍റെ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതായി പരാതി. വിഷയം ഉന്നയിച്ചിട്ടും പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിൽ നിന്ന് നടപടി ഉണ്ടായില്ലെന്നാരോപിച്ച് എഐവൈഎഫ് പ്രവർത്തകർ ദേവികുളം സബ് കലക്‌ടർക്ക് പരാതി നൽകി.
എഴുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന മറയൂർ സർക്കാർ സ്‌കൂളിന്‍റെ സ്ഥലം കൈയേറിയത് സംബന്ധിച്ച് മുൻപും യുവജനസംഘടനകൾ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
വില്ലേജ്, പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടും സ്ഥലം അളന്നുതിരിക്കുന്നതിനോ സ്‌കൂളിന്‍റെ ഭൂമി സംരക്ഷിക്കാനോ നടപടി ഉണ്ടായില്ലെന്ന് പരാതിക്കാർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ബന്ധുക്കളാണ് കൈയേറ്റം നടത്തിയതെന്നും വ്യാജ പട്ടയം നിർമിച്ചെന്നും പരാതിയിൽ പറയുന്നു.
Also Read: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി
സ്‌കൂളിന് രേഖാമൂലമുള്ള സ്ഥലം എത്രത്തോളമെന്ന് തിട്ടപ്പെടുത്തണമെന്ന് എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു. കൈയേറ്റത്തിന് ഒത്താശ ചെയ്ത വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു.
കൂടാതെ, ചരിത്ര പ്രാധാന്യമുള്ള മുനിയറകൾ ഉള്ള പ്രദേശം കൈയടക്കുന്നതിന് നീക്കം നടക്കുന്നുണ്ടെന്നും തടയിട്ട്, ഇവ സംരക്ഷിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.