ഇടുക്കി : ഹൃദയവീഥികളിൽ കവിതയുടെ സാന്ദ്രത നിറച്ച്, ജീവിതത്തിന്‍റെ അർഥ സമ്പുഷ്‌ടതയ്ക്കും അന്നത്തിനുമായി ചുമട്ടുതൊഴിലാളിയായി ഭാരമെടുക്കുകയാണ് കവിയും ശിൽപിയുമായ ബാബു പാർഥൻ. ചുമട്ടുതൊഴിലാളിയുടെ കരവിരുതിൽ വിരിഞ്ഞതാകട്ടെ മനോഹര ഗാന്ധിശിൽപം. ഇടുക്കി ബൈസൺവാലി ടൗണിലെ ചുമട്ടുതൊഴിലാളിയായ ബാബു പാർഥനാണ് തന്‍റെ മാതൃവിദ്യാലയത്തിനായി രാഷ്‌ട്രപിതാവിന്‍റെ പ്രതിമ നിർമിച്ചത്.
ചുമട്ടുതൊഴിലാളിയായ ബാബു കഴിഞ്ഞ മൂന്ന് വർഷമായി രാഷ്‌ട്രപിതാവിന്‍റെ ശിൽപ നിർമാണത്തിന്‍റെ പണിപ്പുരയിലായിരുന്നു. മാതൃവിദ്യാലയ മുറ്റത്ത് സ്ഥാപിക്കാനായി സാമ്പത്തിക പരാധീനതകൾക്ക് ഇടയിലും ബാബു പ്രതിമ നിർമാണത്തിലേർപ്പെട്ടു. മഹാത്മാഗാന്ധിയെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തുക, അദ്ദേഹത്തിന്‍റെ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗാന്ധിയുടെ മനോഹര പ്രതിമ നിർമിച്ചതെന്ന് ബാബു പറയുന്നു.
പുതുതലമുറയ്‌ക്ക് ഗാന്ധി സന്ദേശങ്ങൾ പകർന്നുനൽകുക എന്നതോടൊപ്പം തന്നെ ഗാന്ധിജിയോടുള്ള ബാബുവിന്‍റെ ആരാധനയും ആദരവുമുണ്ട് പ്രതിമ നിർമാണത്തിന് പിന്നിൽ. രാവിലെ മുതൽ രാത്രിയോളം ഭാരം ചുമന്ന് തളർന്നാലും ഗാന്ധി പ്രതിമയെ ഏറ്റവും ഭംഗിയുറ്റതാക്കാൻ ബാബു മറന്നില്ല.
ഒക്‌ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തിൽ പൂർണകായ പ്രതിമ ബൈസൺവാലി സ്‌കൂൾ അങ്കണത്തിൽ സ്ഥാപിക്കും. തന്‍റെ മാതൃവിദ്യാലയത്തിന് മുൻപിൽ തലയുയർത്തി നിൽക്കുന്ന ഗാന്ധിയെന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് നടന്നടുക്കുകയാണ് ബാബു.