ഇടുക്കി: പ്ലസ്ടു വിദ്യർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസിന് സമീപത്ത് പുഴയുടെ തീരത്ത് ഇല്ലിക്കാട്ടിൽ രാത്രി 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെണ്‍കുട്ടിയെ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് ബന്ധുവിനൊപ്പം കുട്ടിയെ കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.
വള്ളക്കടവ് വഴി ഇരുവരും നടന്നുപോകുന്നത് കണ്ടതായി വിവരം ലഭിച്ചതോടെ വള്ളക്കടവിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുവരും 4. 45ന് അതുവഴി കടന്നുപോകുന്നതായി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി . തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ബന്ധുവിന്‍റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഞ്ച് മണിക്ക് ഫോണ്‍ സിച്ച് ഓഫ് ചെയ്തതായി കണ്ടെത്തി. വൈകിയും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പവര്‍ ഹൗസിന് സമീപം റോഡില്‍ നിന്നും അമ്പത് മീറ്റര്‍ മാറി കൈത്തോടിനോട് ചേര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തിനും, മാറിലും കൈയിലുമാണ് കുത്തേറ്റിരിക്കുന്നത്. സംശയകരമായ രീതിയില്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതുകൊണ്ട് തന്നെ കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. അതേസമയം സംശയകരമായ രീതിയില്‍ പ്രദേശത്ത് ഒരു ഓട്ടോറിക്ഷ കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.