ഇടുക്കി: പഠിയ്ക്കാന്‍ മനസുണ്ടെങ്കില്‍ പ്രായം ഉള്‍പ്പെടെ ഒന്നും ഒരു തടസമല്ലെന്ന് തെളിയിയ്ക്കുകയാണ് പാമ്പാടുംപാറ പുതുക്കാട് സ്വദേശി പവനത്തായി. സാക്ഷരത മിഷന്‍റെ പഠ്‌ന ലിഖ്‌ന സാക്ഷരത പദ്ധതിയില്‍ കഴിഞ്ഞ ദിവസം 62കാരിയായ പവനത്തായിയും പരീക്ഷയെഴുതി. ഒപ്പം മകളും ചെറുമകനുമുണ്ടായിരുന്നു.
തോട്ടം തൊഴിലാളിയായ പവനത്തായി പതിറ്റാണ്ടുകളായി കേരളത്തിലാണ് താമസമെങ്കിലും മലയാളത്തില്‍ പ്രാഥമിക പരിജ്ഞാനം പോലും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മലയാളം പഠിയ്ക്കണമെന്ന ആഗ്രഹത്താല്‍ പഠ്‌ന ലിഖ്‌ന അഭിയാന്‍ സാക്ഷരത പദ്ധതിയില്‍ ചേർന്നു. 42കാരിയായ മകള്‍ സുബ്ബലക്ഷ്‌മിയും ഒപ്പം കൂടി.
ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണെങ്കിലും മലയാളത്തില്‍ പരിജ്ഞാനമില്ലാതിരുന്നതിനാല്‍, അമ്മയുടെയും മുത്തശ്ശിയുടേയും കൂടെ, 25കാരനായ വിഘ്‌നേഷ് കുമാറും, സാക്ഷരത ക്ലാസില്‍ ചേര്‍ന്നു. മൂവരും ഒരുമിച്ചാണ് സാക്ഷരത പരീക്ഷ എഴുതിയത്. പുതുക്കാട് കോളനിയിലുള്ള മുപ്പതിലധികം പേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
തോട്ടം തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ക്ലാസുകളില്‍ കൃത്യമായി പങ്കെടുത്ത മൂവരും, ഒരേ പോലെ മലയാളം ഹൃദ്യസ്ഥമാക്കാന്‍ മത്സരിച്ചു. നല്ല വടിവൊത്ത കൈയക്ഷരത്തില്‍ മലയാള അക്ഷരങ്ങള്‍ എഴുതാനും ശീലിച്ചു. മലയാളം പഠിച്ചതോടെ ഉയര്‍ന്ന ക്ലാസുകളിലേയ്ക്കുള്ള തുല്യത പരീക്ഷയ്ക്കായി തയ്യാറെടുക്കണമെന്ന ആഗ്രഹത്തിലാണ് പവനത്തായിയും സുബ്ബലക്ഷ്‌മിയും.
Also read: മാർക്കണ്ഡേയ മിഥുനംപള്ളത്തുകാര്‍ക്ക് വെറും നാടകമല്ല; ഒരു കല ഗ്രാമത്തിന്‍റെ ജീവശ്വാസമായ കഥ