ഇടുക്കി : കര്‍ഷകര്‍ക്ക് പുത്തനുണര്‍വ് നല്‍കി കുരുമുളക് വിലയില്‍ നേരിയ വർധന. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വില 400 രൂപ കടന്നതോടെയാണ് കര്‍ഷകര്‍ക്ക് ആശ്വാസമായത്. ആറ് വർഷം മുമ്പ് കിലോഗ്രാമിന് 730 രൂപയിലെത്തിയിരുന്നു.
ഇതോടെ ഇടുക്കിയിൽ കൃഷി വ്യാപകമായിരുന്നു. പിന്നീട് ഓരോ വർഷവും വിലകുറഞ്ഞുവന്നു. കഴിഞ്ഞ വർഷം ഒരു കിലോ കുരുമുളകിന് 270 മുതൽ 350 വരെയായിരുന്നു വില. ഗുണമേന്മയനുസരിച്ച് 400 മുതൽ 410 രൂപ വരെയാണ് ഒരു കിലോഗ്രാം കുരുമുളകിന്‍റെ നിലവിലെ വില.
ALSO READ: നാസയുടെ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടി ഒമ്പതാം ക്ലാസ് വിദ്യാർഥിനി
വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും കള്ളക്കടത്തുമാണ് തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ വിലയിടിവിന് കാരണം. ഇറക്കുമതിചെയ്യുന്ന കുരുമുളകിന് 500 രൂപ തറവില നിശ്ചയിച്ചിരുന്നെങ്കിലും തദ്ദേശീയമായി വില ഉയർന്നിരുന്നില്ല.
മുംബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്‍റെ പ്രധാന ആഭ്യന്തര വിപണികൾ. ലോക്ക്ഡൗണിനെ തുടർന്ന് വിപണികൾ അടച്ചത് കച്ചവടത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിപണികൾ സജീവമാകുന്നതോടെ വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.