ഇടുക്കി: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ മുട്ടുകാട് പാടശേഖരത്തില്‍ പ്രതീക്ഷയുടെ വിത്തിറക്കിയിരിക്കുകയാണ് മെക്കാനിക്കല്‍ എഞ്ചിനീയറായ ആദര്‍ശും കൂട്ടുകാരും. രണ്ടേക്കറോളം വരുന്ന പാടം പാട്ടത്തിനെടുത്താണ് യുവാക്കളുടെ നെല്‍കൃഷി.
ഇടുക്കി ബൈസണ്‍വാലി സ്വദേശിയായ ആദര്‍ശ് രാജന്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ബാംഗ്ലൂര്‍ എയര്‍ പോര്‍ട്ടിൽ ജോലി ചെയ്യുകയായിരുന്നു. കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമായതോടെ ആദർശ് നാട്ടിലെത്തി. പ്രതിസന്ധിയെ മറികടക്കുന്നതിന് എന്ത് ജോലിയാണ് ചെയ്യുകയെന്ന ആദര്‍ശിന്‍റെ ആലോചനയില്‍ എംബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ അനന്തുവും മൂന്നാറിലെ റിസോര്‍ട്ടില്‍ ഷെഫായി ജോലി ചെയ്തിരുന്ന വിബിന്‍ പൗലോസും ഒപ്പം ചേര്‍ന്നു.
തുടര്‍ന്നുള്ള കൂട്ടായ ആലോചനയിലാണ് നെല്‍കൃഷി എന്ന ആശയത്തിലേക്ക് മൂവരും എത്തുന്നത്. മുട്ടുകാട് പാടശേഖരത്തില്‍ ഒരേക്കര്‍ ഇരുപത് സെന്‍റ് സ്ഥലം ഇവര്‍ പാട്ടത്തിനെടുത്തു. സമീപത്ത് തന്നെയുള്ള പാടങ്ങളില്‍ കൃഷി ചെയുന്ന മുതിര്‍ന്നവരോട് അഭിപ്രായങ്ങളും സംശയങ്ങളുമെല്ലാം ചോദിച്ച് മനസിലാക്കിയാണ് ഈ സംഘം കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്.