ഇടുക്കി: ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച പൊലീസ് എയിഡ് പോസ്റ്റ് നോക്കുകുത്തിയായി. സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അടിയന്തര സാഹചര്യത്തില്‍ പൊലീസ് സേവനം ലഭ്യമാക്കുന്നതിനുമായിട്ടായിരുന്നു ചീയപ്പാറയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിച്ചത്. ആദ്യകാലത്തിവിടെ പൊലീസ് സേവനം ലഭ്യമായിരുന്നുവെങ്കിലും പിന്നീട് ഇല്ലാതാവുകയായിരുന്നു. ജീവനക്കാരില്ലാത്തതോടെ എയിഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്ന താല്‍ക്കാലിക കേന്ദ്രം നാശത്തിന്‍റെ വക്കിലാണ്.
വിനോദ സഞ്ചാര നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ദിവസവും ചീയപ്പാറയിലെത്തുന്നത് നൂറ് കണക്കിന് സഞ്ചാരികളാണ്. മുമ്പ് സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിലിറങ്ങി ചിത്രങ്ങള്‍ പകര്‍ത്തുന്നതും കുളിക്കുന്നതുമൊക്കെ പതിവായിരുന്നു. സുരക്ഷാ വേലി തീര്‍ത്തതോടെ സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിലിറങ്ങുന്നത് അവസാനിച്ചു. പക്ഷെ പാതയോരത്തെ കല്‍ക്കെട്ടുകളിലും മറ്റും കയറി നിന്ന് അപകടകരമാവും വിധം സന്ദര്‍ശകര്‍ ഇപ്പോഴും ചിത്രങ്ങള്‍ പകര്‍ത്താറുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ പലപ്പോഴും അശ്രദ്ധമായി ദേശീയപാത മുറിച്ച് കടക്കുന്നതും പതിവാണ്. വിനോദ സഞ്ചാരികളുടെ തിരക്കേറുന്ന ചീയപ്പാറയില്‍ തുടര്‍ന്നും പൊലീസ് സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.