ഇടുക്കി: പുതുതായി പിറന്ന വരയാട്ടിന്‍ കുട്ടികളെ കണ്ടെത്തിയതോടെ ഇരവികുളം ദേശീയോദ്യാനത്തില്‍ പതിവിലും നേരത്തേ സന്ദർശക വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത. ഉദ്യാനത്തില്‍ മൂന്ന് വരയാട്ടിന്‍ കുട്ടികളെ കണ്ടെത്തിയതോടെയാണ് പാര്‍ക്ക് അടക്കാന്‍ നീക്കം. ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതിയ്ക്കായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്‌വി വിനോദ്, അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് നേര്യംപറമ്പില്‍ എന്നിവര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്ത് നല്‍കി.
സാധാരണ ഗതിയില്‍ ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായാണ് വരയാടുകളുടെ പ്രജനനകാലം. ഇത് കണക്കിലെടുത്ത് ഈ മാസങ്ങളില്‍ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. ഇത്തവണയും വരയാടിന്‍റെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 25 കുട്ടികളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
പ്രജനനകാലം അവസാനിക്കുന്നതോടെ ഏപ്രില്‍ മാസത്തില്‍ സന്ദര്‍ശകര്‍ക്കായി പാര്‍ക്ക് വീണ്ടും തുറക്കും. പ്രജനനകാലത്ത് വരയാടുകള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് എര്‍പ്പെടുത്തുന്നത്. ഏപ്രില്‍ - മെയ് മാസങ്ങളിലായി വരയാടുകളുടെ വാര്‍ഷിക കണക്കെടുപ്പ് ആരംഭിക്കും.