ഇടുക്കി: നെടുങ്കണ്ടം തേവാരംമെട്ടില്‍ കാട്ടാന ഇറങ്ങി അഞ്ചേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു. 10 ലക്ഷത്തിലധികം രൂപയുടെ നാശ നഷ്‌ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. കുട്ടിയാന അടക്കം രണ്ട് ആനകളാണ് മൂന്ന് ദിവസങ്ങളായി തേവാരംമെട്ടിലെ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്നത്.
മുമ്പ് തമിഴ്‌നാട് വനമേഖലയില്‍ നിന്നുമെത്തിയ ഏഴ് ആനകളടങ്ങുന്ന കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ് ഈ സംഘമെന്ന് നാട്ടുകാര്‍ പറഞ്ഞു. കേരള -തമിഴ്‌നാട് അതിര്‍ത്തി മേഖലയിലാണ് പ്രദേശം സ്ഥിതിചെയ്യുന്നത്. ഇവയില്‍ എട്ട് കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഏലം, കുരുമുളക്, വാഴ തുടങ്ങിയ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.
നാല് വര്‍ഷം പ്രായമുള്ള ഏലച്ചെടികള്‍ ഉള്‍പ്പടെ തകര്‍ന്നത് കര്‍ഷകര്‍ക്ക് കനത്ത നഷ്‌ടമാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എത്തിയ കാട്ടാനകള്‍ ജനവാസ മേഖലയില്‍ വന്‍ ഭീതിയാണ് സൃഷ്‌ടിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവയെ കാട്ടിലേയ്ക്ക് തുരത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആന കടക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന ട്രഞ്ച് ഇടിച്ച് തകര്‍ത്താണ് ഇവ ചില കൃഷിയിടങ്ങളിലേക്ക് കടന്നത്.
തോട്ടുങ്കല്‍ ജോസഫ്, വെട്ടിക്കുഴിച്ചാലില്‍ മാത്യു, സഫീന റോഡുവിള, രാജേഷ് മംഗലത്ത്, ബാലന്‍ ഒളശ്ശയില്‍, ദിവാന്‍ മംഗളാംകുഴിയില്‍, സജി കണ്ടത്തിന്‍കര, ഷിനു കാക്കനാട്ട് എന്നിവരുടെ കൃഷി ഭൂമിയിലാണ് ആന ഇറങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതോടെ വനം വകുപ്പും പൊലീസും സ്ഥലത്ത് എത്തിയിരുന്നു. കാട്ടാന ശല്യം രൂക്ഷമായതോടെ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അതിര്‍ത്തി മേഖലയില്‍ ട്രഞ്ച് നിര്‍മ്മാണം ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ട്രഞ്ച് നിര്‍മ്മിയ്ക്കുന്നത്. കാട്ടാനകളെ വന മേഖലയിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.