ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാനൊരുങ്ങി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. തേവാരംമെട്ട, അണക്കരമെട്ട് മേഖലകളിലാണ് സോളാര്‍ വേലികള്‍ സ്ഥാപിക്കുന്നത്. റവന്യു വകുപ്പിന്‍റെയും പൊതുജനപങ്കാളിത്തത്തോടെയും രണ്ട് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം.
എട്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി. അണക്കരമെട്ടില്‍ 1600 മീറ്റര്‍ ദൂരത്തിലും തേവാരംമെട്ടില്‍ 1000 മീറ്റര്‍ ദൂരത്തിലുമാണ് ഫെന്‍സിംഗുകള്‍ സ്ഥാപിക്കുക. ഇതിനായുള്ള പ്രാരംഭ ജോലികള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ വനമേഖലകളില്‍ നിന്നെത്തുന്ന ആനകള്‍ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പ്രദേശത്ത് ട്രഞ്ച് നിര്‍മിച്ചിരുന്നെങ്കിലും ഇത് ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ഫെന്‍സിംഗുകള്‍ സ്ഥാപിക്കുന്നതിലൂടെ നൂറിലധികം കുടുംബങ്ങളുടെ കൃഷി ഭൂമിയ്ക്ക് സുരക്ഷ ഒരുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണകൂടം.
Also read: ആനക്കുളിയുടെ മനോഹര ദൃശ്യം: പേര് അന്വര്‍ഥമാക്കി 'ആനക്കുളം'