ഇടുക്കി: രാജ്‌കുമാർ കസ്റ്റഡി മരണ കേസിലെ പ്രതികൾ ജൂഡീഷ്യൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ജസ്റ്റിസ് നാരായണകുറുപ്പ്. കമ്മിഷൻ ആവശ്യപ്പെട്ടിട്ടും എത്താത്തവരെ അറസ്റ്റ് ചെയ്‌ത് ഹാജരാക്കുമെന്നും കമ്മിഷൻ ആവശ്യപ്പെട്ട രേഖകൾ ക്രൈം ബ്രാഞ്ച് നൽകിയില്ലെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ വ്യക്തമാക്കി.
കസ്റ്റഡി മരണം സംബന്ധിച്ച് വിവിധ രേഖകൾ കമ്മിഷന് ലഭിച്ചിട്ടുണ്ട്. റീ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആദ്യം ലഭിക്കാത്ത 23 അധിക കണ്ടെത്തലുകൾ ഉണ്ടെന്നും കമ്മിഷന്‍റെ അന്വേഷണ പരിധിയിൽപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ആവശ്യമായ രേഖകൾ ശേഖരിച്ചു കഴിഞ്ഞതായും ജസ്‌റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. കമ്മിഷൻ ആവശ്യപ്പെട്ടിട്ടും പ്രതികളാരും ഹാജരായിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്‌ത് എത്തിക്കുന്ന കാര്യം പരിശോധിക്കുമെന്നും ജസ്‌റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി. 57 രേഖകൾ തെളിവായി സ്വീകരിച്ചിട്ടുണ്ട്. കേസിൽ 54 സാക്ഷികളെയും വിസ്‌തരിച്ചു. 31 സിറ്റിങ്ങുകൾ പൂർത്തിയാക്കി. സമയത്ത് തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും കമ്മിഷൻ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ഇതുവരെയാരും കമ്മിഷന് നൽകിയിട്ടില്ലെന്നും ജസ്റ്റിസ് നാരായണകുറുപ്പ് വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ രാജ്‌കുമാർ കഴിഞ്ഞ ജൂൺ 21നാണ് റിമാന്‍ഡിലിരിക്കെ മരണപ്പെട്ടത്. കേസിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.