ഇടുക്കി: ജില്ലാ കലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പാനായി അക്ഷീണം പ്രയത്‌നിച്ച ഒരു വിഭാഗമാണ് കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ററി സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍. കലോത്സവ നടത്തിപ്പിനായി രൂപീകരിച്ചിരുന്ന 11 കമ്മിറ്റികളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ മാതൃകാപരമായ മികവാണ് എന്‍സിസി കേഡറ്റുകള്‍ കാഴ്ച്ചവച്ചത്. സീനിയര്‍ വിഭാഗത്തില്‍പ്പെട്ട 108 കുട്ടികളും ജൂനിയര്‍ വിഭാഗത്തില്‍പ്പെട്ട 100 കുട്ടികളുമായിരുന്നു കഴിഞ്ഞ നാല് ദിവസങ്ങളിലായി കലോത്സവത്തിന്‍റെ കൃത്യമായ നടത്തിപ്പിനായി അക്ഷീണ പ്രയത്‌നം നടത്തിയത്.
ഗതാഗത ക്രമീകരണം,രാത്രി സുരക്ഷ,ഊട്ടുപുര തുടങ്ങി കലോത്സവ നഗരിയുടെ എല്ലാ വശങ്ങളിലും എന്‍സിസി കേഡറ്റുകളുടെ സേവനം എത്തി. ഓരോ ദിവസവും 70 കേഡറ്റുകള്‍ക്കായിരുന്നു കലോത്സവ ജോലി വിഭജിച്ച് നല്‍കിയിരുന്നത്. സേനാ വിഭാഗത്തിന് സമാന രീതിയില്‍ പരാതികള്‍ക്കിടവരുത്താതെ നല്ല സേവനം നല്‍കാനായതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ററി സ്‌കൂളിലെ ഓരോ എന്‍സിസി കേഡറ്റും കലോത്സവ നഗരിയില്‍ നിന്നും മടങ്ങുന്നത്.