ഇടുക്കി: ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍റേര്‍ഡ്( ദേശീയ ഗുണനിലവാര മാനദണ്ഡം) അംഗീകാരമാണ് ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തിയത്. തകര്‍ന്ന് വീഴാറായ കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന ഉടുമ്പന്‍ചോലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 2019 മുതല്‍ നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ കേന്ദ്രത്തെ ദേശീയ അംഗീകാരത്തിലേക്ക് ഉയര്‍ത്തിയത്.
Also Read:കൊവിഡ് ബാധിതർക്ക് കൈത്താങ്ങുമായി സിവിൽ ഡിഫൻസ് അംഗങ്ങൾ
92.06 പോയിന്‍റ് നേടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍റേര്‍ഡ് അംഗീകാരത്തിന് ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം അര്‍ഹമായത്. ഒപി വിഭാഗം, ലാബ് ഫാര്‍മസി, പൊതുജന ആരോഗ്യ വിഭാഗം എന്നിവയുടെ പ്രര്‍ത്തനവും ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാതി പ്രതിരോധം, മാതൃ ശിശു ആരോഗ്യം,ജീവിത ശൈലി രോഗ നിയന്ത്രണം, ജീവനക്കാരുടെ സേവനം, ഓഫീസ് നിര്‍വ്വഹണം തുടങ്ങിയവയാണ് അംഗീകാരത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധിച്ചത്. ആരോഗ്യ കേന്ദ്രത്തിന്‍റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് വരുന്ന മൂന്ന് വർഷത്തേയ്ക്ക് കേന്ദ്ര ഫണ്ടും ലഭിക്കും. ഇതോടെ ഉടുമ്പന്‍ചോലയിലെ തോട്ടം തൊഴിലാളികള്‍ക്കടക്കം കൂടുതല്‍ മെച്ചപ്പെട്ട ആധുരസേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.