ഇടുക്കി: കൊച്ചി - ധനുഷ്‌കോടി ദേശീയപാത നിർമാണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. പ്രതികൂല കാലാവസ്ഥയിലും നിരവധി വിവാദങ്ങൾക്കിടയിലും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് ഒരു കോടി അറുപത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹാരിസൺ മലയാളം കമ്പനി ഹൈക്കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചത്. ഇതോടെ നിർമാണ പ്രവർത്തങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി. പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത കമ്പനി പെട്ടെന്ന് കോടതിയെ സമീപിച്ചത് നിർമാണം അട്ടിമറിക്കാനാണെന്ന വാദം ശക്തമാകുകയാണ്.
കൊച്ചി -ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ മുതൽ ബോഡിമെട്ട് വരെ റോഡിന്റെ വീതി കൂട്ടി നിർമിക്കുന്നതിനായി 384 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന കരാർ അടിസ്ഥാനത്തിൽ ആരംഭിച്ച ദേശീയപാത നിർമാണം പ്രളയക്കെടുതിയിലും വനം വകുപ്പുമായിട്ടുള്ള നിയമ പ്രശ്നങ്ങളിലും അകപ്പെട്ട് ഇഴയുകയാണ്. ഈ സാഹചര്യത്തിലാണ് പൂപ്പാറയിലുടെ കടന്നു പോകുന്ന ദേശീയപാതക്ക് ഹാരിസൺ കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചത്. ദേശീയപാതയിലൂടെ കടന്നു പോകുന്നവർക്ക് പൂപ്പാറ ടൗണിലെ ഗതാഗത കുരുക്കിൽ അകപ്പെടാതെ പന്നിയാർ പുഴക്ക് കുറുകെ പുതിയ പാലം പണിത് ബൈപാസ് റോഡ് നിർമിക്കാനാണ് രൂപരേഖ തയാറാക്കിയിരുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മെയ് മാസത്തിൽ കലക്‌ടറേറ്റിൽ നടന്ന യോഗത്തിൽ കമ്പനി അധികൃതർ പങ്കെടുക്കുകയും പൂപ്പാറയിൽ ദേശീയപാത കടന്നു പോകുന്നതിന് സ്ഥലം നൽകുന്നതിൽ രേഖാമൂലം സമ്മതം അറിയിക്കുകയും ചെയ്തതാണ് .
നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ച കാലം മുതൽ വലിയ പ്രതിസന്ധികളിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പോരാട്ടം തുടരുകയാണ്. ഒപ്പം അശാസ്ത്രീയ പാറ ഖനനവും ഹാരിസൺ കമ്പനിയുടെ നിയമ പോരാട്ടവും ദേശീയപാതയുടെ നിർമാണത്തെ കാലങ്ങളോളം വൈകിപ്പിക്കുമെന്നതിൽ സംശയമില്ല.