ഇടുക്കി: കനത്ത മഴയില്‍ മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ പെരിയവരൈ പാലത്തിന് സമീപം റോഡ് ഇടിഞ്ഞു. റോഡിന്‍റെ വശം ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. റോഡിന്‍റെ വിസ്‌താരം കുറഞ്ഞതോടെ ചെറു വാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി കടന്നു പോകാനാകുന്നത്.
ചരക്ക് ഗതാഗതം നിരോധിച്ചു
ഭാര വാഹനങ്ങൾ കടന്നു പോയാൽ റോഡ് ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള ചരക്ക് ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഗതാഗത പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിന് മുൻപ് അധികൃതർ ഇടപെടണമെന്ന് മുൻ എംഎൽഎ എ.കെ മണി ആവശ്യപ്പെട്ടു. ഗതാഗത തടസമുണ്ടാകാതെ കാര്യങ്ങള്‍ സുഗമമാക്കാനുള്ള ശ്രമം നടത്തുമെന്ന് ദേവികുളം എംഎല്‍എ അഡ്വ. എ രാജ പറഞ്ഞു.
ഗതാഗത തടസം പതിവ് സംഭവം
ഒരു വര്‍ഷം മുമ്പാണ് പെരിയവരൈയില്‍ പുതുതായി നിര്‍മിച്ച പാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയത്. 2018 മുതല്‍ പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കും വരെ മഴക്കാലത്ത് പെരിയവരൈയില്‍ പാലം ഒലിച്ച് പോയി ഗതാഗത തടസമുണ്ടാകുന്നത് പതിവായിരുന്നു. പെട്ടിമുടി ദുരന്തം ഉണ്ടായപ്പോഴും പാലം തകർന്നത് എറെ പ്രതിസന്ധിയിലാക്കിയിരുന്നു.
മഴ കനത്താല്‍ റോഡ് തകരും
പുതിയ പാലം തുറന്ന് കൊടുത്ത് ഈ പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെയാണ് പാതയോരമിടിഞ്ഞ് വീണ്ടും പ്രദേശത്ത് ഗതാഗത തടസം ഉണ്ടായത്. പുഴയോട് ചേർന്നുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് റോഡ് അപകടാവസ്ഥയിലാകാന്‍ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
മഴ ശക്‌തമായി തുടർന്നാൽ റോഡ് പൂർണമായും തകരുന്ന അവസ്ഥയിലാണ്. ഗതാഗതം നിലച്ചാൽ പെട്ടിമുടി, മറയൂർ ഉൾപ്പെടെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെടും.
Also read: കനത്ത മഴ; ഉരുള്‍പൊട്ടല്‍ ഭീഷണിയിൽ ഇടുക്കി