ഇടുക്കി: തോട്ടം തൊഴിലാളികള്‍ക്ക് മേല്‍ തോട്ടം ഉടമയും മാനേജ്‌മെന്റും അധിക ജോലി ഭാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി പരാതി. അടൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ മൂന്നാറിലെ കല്ലാര്‍ പ്രദേശത്തെ ഏലം തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികള്‍ തോട്ടത്തില്‍ പണിമുടക്കി. ഇതര തോട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി മുക്കാല്‍ മണിക്കൂറോളം മാനേജ്‌മെന്‍റ് അധികമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് പരാതി. കിലോമീറ്ററുകളോളം ദൂരെ നിന്നും പണിക്കെത്തുന്ന തങ്ങള്‍ക്ക് മാനേജ്‌മെന്റിന്റെ പുതിയ തീരുമാനം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും ഇതര തോട്ടങ്ങളിലെ പോലെ തൊഴില്‍ സമയം ക്രമീകരിക്കാന്‍ തോട്ടം മാനേജ്‌മെന്റ് തയ്യാറാകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
മാനേജ്‌മെന്‍റിന്‍റെ പുതിയ തീരുമാനത്തോട് യോജിക്കാത്ത യൂണിയന്‍ തൊഴിലാളികളുടെ വേതനം കുറച്ചുവെന്നും ശമ്പള ലഭ്യതയുടെ കാര്യത്തില്‍ കൃത്യതയില്ലെന്നും തൊഴിലാളികൾ പറഞ്ഞു. മാനേജ്‌മെന്‍റിന്‍റെ ഏകപക്ഷീയമായ തീരുമാനത്തില്‍ തിരുത്തല്‍ വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.