ഇടുക്കി: കൈയേറ്റം ഒഴുപ്പിക്കുന്നതിനൊപ്പം ഇടുക്കി മുനിയറാകുന്നിലെ മുനിയറകള്‍ സംരക്ഷിക്കുന്നതിനും നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. മഹാശിലായുഗത്തിന്‍റെ അവശേഷിപ്പുകളായ മുനിയറകള്‍ കൈയേറ്റ മാഫിയയും സാമൂഹ്യ വിരുദ്ധരും വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇവ സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നത്.
കുടിയേറ്റ ചരിത്രത്തിനും അപ്പുറം ശിലായുഗ ചരിത്രവും നിറഞ്ഞ് നില്‍ക്കുന്ന മേഖലയാണ് ഇടുക്കി. നന്നങ്ങാടികളും, മുനിയറകളും വീരക്കല്ലുകളും ഉള്‍പ്പടെ നിരവധിയായ അവശേഷിപ്പുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് ചിന്നക്കനാല്‍ പഞ്ചായത്തിലെ മുട്ടുകാട് മുനിയറകുന്നിലെ മുനിയറകള്‍.
also read: മറയൂരിലെ മുനിയറകള്‍ സാമൂഹ്യ വിരുദ്ധര്‍ താവളമാക്കുന്നു, ചരിത്രശേഷിപ്പുകള്‍ നാശത്തിന്‍റെ വക്കില്‍
പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന പ്രദേശത്തേക്ക് നിരവധി ആളുകള്‍ മുമ്പ് എത്തിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണില്‍ സഞ്ചാരികളുടെ വരവ് നിലച്ച് മേഖല ആളൊഴിഞ്ഞതോടെ കൈയേറ്റ മാഫിയയും മദ്യപസംഘങ്ങളും സാമൂഹ്യ വിരുദ്ദരും ഇവിടം കൈയടക്കി.
ചരിത്ര ശേഷിപ്പുകള്‍ വരും തലമുറയ്ക്കായി സംരക്ഷിക്കുന്നതിന് മുനിയറകള്‍ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യമാണ് പരിസ്ഥിതി പ്രവർത്തകരും ഉന്നയിക്കുന്നത്. മുനിയറകള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തുകയും 213 ഏക്കറോളം വരുന്ന സ്ഥലം വേലി കെട്ടി സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
പ്രദേശത്തിന്‍റെ ടൂറിസം സാധ്യത കൂടി പ്രയോജനപ്പെടുത്തിയാല്‍ കൈയേറ്റങ്ങള്‍ക്കടക്കം തടയിടാന്‍ കഴിയുന്നതിനൊപ്പം പ്രദേശത്തിന്‍റെ വികസനത്തിനും ഇത് വഴിതെളിക്കും.