ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടും, വള്ളക്കടവ് - മുല്ലപ്പെരിയാർ റോഡിന്‍റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ കേരളത്തിനോട് നിരദേശിക്കണമെന്നും തമിഴ്‌നാട് സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം 2021 ജൂൺ മാസം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാറിൽ നിന്ന് 15 മരങ്ങൾ മുറിക്കാൻ തീരുമാനമായത്. എന്നാൽ ഈ ഉത്തരവ് പിൻവലിച്ച കേരളത്തിന്‍റെ നടപടി കോടതി അലക്ഷ്യം ആണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും കോടതിക്ക് കൈമാറി.16 വർഷമായി മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികളിൽ കേരളം തടസം നിൽക്കുന്നു എന്നാണ് തമിഴ്‌നാട് ആരോപിക്കുന്നത്.
ALSO READ: Mullaperiyar Dam | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; രണ്ട് ഷട്ടറുകള്‍ തുറക്കും
പ്രധാന അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് സാധനസാമഗ്രികൾ കൊണ്ടുപോകുന്നതിന് വള്ളക്കടവ് - മുല്ലപ്പെരിയാർ റോഡ് അറ്റകുറ്റപ്പണി നടത്താൻ കേരളത്തോട് നിർദേശിക്കണമെന്നും തമിഴ്‌നാട് കോടതിയിൽ ആവശ്യപ്പെട്ടു.