ഇടുക്കി: കൊവിഡിനെ നേരിടാൻ അടിമാലി മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പൊതുജനത്തിനും മാസ്‌ക്കുകള്‍ തയ്യാറാക്കി നല്‍കുകയാണ് അടിമാലി കാര്‍മ്മല്‍ഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ സന്യാസിനി സമൂഹം. ഇതിനകം 1500ഓളം മാസ്‌ക്കുകള്‍ നിർമിച്ച് ഇവര്‍ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്തു കഴിഞ്ഞു.
ആയിരമേക്കര്‍ സമന്വയ ചാരിറ്റബിള്‍ സൊസൈറ്റി, നെടുങ്കണ്ടം സിയോണ്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുമായി കൈകോര്‍ത്താണ് അടിമാലി കാര്‍മ്മല്‍ഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ സന്യാസിനി സമൂഹം മാസ്‌ക്ക് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. എസ്എച്ച്ജിയില്‍ അംഗങ്ങള്‍ ആയിട്ടുള്ളവര്‍ അവരവരുടെ വീടുകളില്‍ മാസ്‌ക്ക് നിര്‍മ്മിക്കും. പിന്നീട് വീടുകളില്‍ നിന്നും ശേഖരിച്ച് സന്യാസിനി സമൂഹത്തിൻ്റെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യും.
മാസ്‌ക്ക് നിര്‍മ്മാണത്തില്‍ പങ്ക് ചേര്‍ന്നിട്ടുള്ളവര്‍ക്ക് കൃത്യമായ പരിശീലനം ഒരുക്കിയിരുന്നു. നിര്‍മ്മിച്ചെടുത്ത മാസ്‌ക്കുകള്‍ അടിമാലി, നെടുങ്കണ്ടം തുടങ്ങിയ ഇടങ്ങളില്‍ വിതരണം ചെയ്തു. അടിമാലി താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടിമാലിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സന്യാസിനി സമൂഹം മാസ്‌ക്കുകള്‍ നേരിട്ടെത്തിച്ച് നല്‍കി. ഇടുക്കിക്ക് പുറമെ ആലുവ എറണാകുളം ജില്ലകളിലും ഇവര്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. കാര്‍മ്മല്‍ ഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനീസ് പോള്‍, സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ചൈതന്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാസ്‌ക്ക് നിര്‍മ്മാണവും വിതരണവും നടക്കുന്നത്.