തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പന്‍ മത്സരിക്കും. ഇന്ന് നടന്ന എന്‍സിപി നേതൃയോഗം മാണി സി കാപ്പന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്‍സിപിയുടെ തീരുമാനം ഇടതുമുന്നണി യോഗം അംഗീകരിച്ചു. എൻസിപി തെരഞ്ഞെടുപ്പ് കമ്മിറ്റി മാണി സി കാപ്പനെ ഐകകണ്‌ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി പറഞ്ഞു. ഈ മാസം 31 ന് രാവിലെ മാണി സി കാപ്പൻ നാമനിർദ്ദേശ പത്രിക നൽകും. എല്‍ഡിഎഫിന്‍റെ പാലാ നിയോജക മണ്ഡലം കൺവെന്‍ഷന്‍ സെപ്‌തംബര്‍ നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അഞ്ച് മുതൽ പഞ്ചായത്ത്- യൂത്ത് ലെവൽ കൺവെൻഷനുകളും ആരംഭിക്കും.
പാലായില്‍ എല്‍ഡിഎഫിന് വിജയം സുനിശ്ചിതമാണെന്നും കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഗുണകരമാകുമെന്നും മാണി സി കാപ്പന്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ എം മാണിയോട് പാലായില്‍ 4703 വോട്ടിനാണ് മാണി സി കാപ്പന്‍ പരാജയപ്പെട്ടത്. ഈ ആത്മവിശ്വാസത്തിലാണ് മാണി സി കാപ്പനെ വീണ്ടും പാലായില്‍ ഇറക്കാന്‍ എന്‍സിപി തീരുമാനിച്ചത്. കേരളാ കോണ്‍ഗ്രസിലെ നിലവിലെ തര്‍ക്കങ്ങള്‍ വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. കേരളാ കോണ്‍ഗ്രസില്‍ മാണിക്ക് പകരമായി ഉയര്‍ത്തിക്കാട്ടാന്‍ നിലവില്‍ ശക്തനായ നേതാവിന്‍റെ അഭാവവും മാണി സി കാപ്പന് പ്രതീക്ഷ നല്‍കുന്നു.
ഇന്ന് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലും മാണി സി കാപ്പനെതിരെ മറ്റ് പേരുകള്‍ ഉയര്‍ന്നു വന്നിരുന്നില്ല. അതേസമയം മാണി സി കാപ്പന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്‌തി അറിയിച്ച് എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സാബു എബ്രഹാമിന്‍റെ രംഗപ്രവേശം നേതാക്കളില്‍ ഞെട്ടല്‍ ഉണ്ടാക്കി. മാണി സി കാപ്പനെ മാറ്റി പകരം യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സാബു നേതൃത്വത്തിന് കത്ത് നല്‍കിയെങ്കിലും പരിഗണിച്ചില്ല.