ഇടുക്കി: ചിന്നക്കനാലിൽ ഊര് വിലക്ക് നേരിടുന്നു എന്ന് പരാതി ഉന്നയിച്ച വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തി (Man Found Dead At Home). ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടി ബാലരാജിൻ്റെ മകൻ ആനന്ദ് രാജാണ് (40) മരിച്ചത്. വ്യാഴാഴ്‌ച (സെപ്റ്റംബർ 28) വൈകിട്ടാണ് ആനന്ദ് രാജിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ കൂട്ടായ്‌മ കഴിഞ്ഞ ഓഗസ്റ്റിൽ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുൻപിൽ സമരം നടത്തിയിരുന്നു. ഈ സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ ഊര് വിലക്ക് നേരിടുന്നു എന്നായിരുന്നു ആനന്ദ് രാജിന്‍റെ പരാതി. ഒരാഴ്‌ചയായി ഇയാൾ അമിതമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും പല വിധ അസുഖങ്ങളാൽ ഇയാളുടെ ആരോഗ്യനിലയും തീർത്തും മോശമായിരുന്നു എന്നും പ്രദേശവാസികൾ പറഞ്ഞു.
അതേസമയം, ആനന്ദ് രാജിൻ്റെ മരണത്തിൽ മറ്റ് ദുരൂഹതങ്ങൾ ഒന്നും തന്നെയില്ല എന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ചെമ്പകത്തൊഴുക്കുടിയിൽ സംസ്‌കാരം നടത്തി (Idukki chinnakanal death).
ഊര് വിലക്കിയെന്ന് പരാതി: കഴിഞ്ഞ ഓഗസ്റ്റിലാണ് ഊര് വിലക്കി എന്ന പരാതി ഉന്നയിച്ച് ആനന്ദ് രാജ് അടക്കമുള്ള നാല് പേർ രംഗത്തെത്തിയിരുന്നു. അരിക്കൊമ്പനെ തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ കൂട്ടായ്‌മ (animal lovers) ഓഗസ്റ്റ് 15നാണ് സെക്രട്ടേറിയറ്റിന് മുൻപിൽ സമരം നടത്തിയത്. ആനന്ദ് രാജ്, പിതാവ് പാൽരാജ്, മോഹനൻ, പച്ചക്കുടി സ്വദേശി മുത്തുകുമാർ എന്നിവരെയാണ് ഊരുവിലക്കിയത്. ഇവരുമായി കുടിയിലുള്ളവർ സഹകരിക്കുകയോ, സംസാരിക്കുകയോ ചെയ്യരുതെന്ന് കുടിയിലെ അധികാരികൾ നിർദേശിച്ചെന്നും ആരോപണം ഉണ്ടായിരുന്നു.
അരിക്കൊമ്പനെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ മുഴുവൻ ആളുകളും ചേർന്ന് കഴിഞ്ഞ ജൂൺ 5നും 6നും ബോഡിമെട്ടിൽ നിന്ന് സൂര്യനെല്ലിയിലേക്കുള്ള റോഡ് ഉപരോധിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം അരിക്കൊമ്പനെ തിരികെ കൊണ്ടുവരാൻ ഭീമഹർജി നൽകാനെന്ന പേരിൽ ചിലർ കൂടിയിലെ ആളുകളുടെ ഒപ്പ് ശേഖരിച്ചിരുന്നു. എന്നാൽ, അരിക്കൊമ്പനെ തിരികെ കൊണ്ടു വരുന്നതോടൊപ്പം ചിന്നക്കനാൽ മേഖലയിലെ വന ഭൂമിയിൽ നിന്ന് ആളുകളെ കുടിയിറക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഈ ഹർജിയിൽ എഴുതിച്ചേർത്തു എന്നാണ് കുടിയിലുള്ളവരുടെ ആരോപണം.
തങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുടിയിറക്കാനുള്ള നീക്കം നടത്തിയ മൃഗസ്നേഹികളുടെ സംഘടനകളുമായി ഒരു തരത്തിലും സഹകരിക്കേണ്ട എന്നും അരിക്കൊമ്പൻ വിഷയത്തിൽ ഇടപെടേണ്ടെന്നും കുടിയിലുള്ളവർ തീരുമാനം എടുത്തിരുന്നു. എന്നാൽ ഈ തീരുമാനം അവഗണിച്ചാണ് നാല് പേരും തിരുവനന്തപുരത്ത് മൃഗസ്നേഹികളുടെ സമരത്തിൽ പങ്കെടുത്തത്. ഇതാണ് കുടിയിലുള്ളവരുടെ എതിർപ്പിനിടയാക്കിയത്.
അതിനിടെ ചില രാഷ്ട്രീയ പാർട്ടികളും സമരത്തിൽ പങ്കെടുത്തവരുമായി സഹകരിക്കരുത് എന്ന് കുടിയിലുള്ളവരോട് നിർദേശിച്ചു എന്നാണ് ഊരുവിലക്കപ്പെട്ടവർ ആരോപിച്ചത്. കുടിയിലുള്ളവരോട് ക്ഷമ പറയാൻ തയ്യാറായെങ്കിലും എല്ലാവരും ചേർന്ന് തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നും കുടിയുടെ പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടുമെന്ന ഭീതിയുണ്ടെന്നും ഇവർ ആശങ്കകൾ ഉന്നയിച്ചിരുന്നു.