ഇടുക്കി : നെടുങ്കണ്ടം ചതുരംഗപ്പാറ വില്ലേജിൽ മാൻകുത്തിമേട് ഭാഗത്ത് 80 എക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി നിർമാണങ്ങൾ നടത്തിയ ബിജെപി നേതാവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. തൊടുപുഴ സെഷൻസ് കോടതിയാണ് കൈയേറ്റക്കാരനായ ജോണിക്കുട്ടിയുടെ ജാമ്യാപേക്ഷ നിരസിച്ചത്.
സർക്കാർ ഭൂമി കൈയേറി നിർമാണങ്ങൾ നടത്തിയതിന് ചതുരംഗപ്പാറ വില്ലേജ് ഓഫിസറാണ് ജോണിക്കുട്ടിക്കെതിരെ ഉടുമ്പൻചോല പൊലീസിൽ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭൂസംരക്ഷണ നിയമപ്രകാരം ജോണിക്കുട്ടിയെ പ്രതിയാക്കി കഴിഞ്ഞ ജൂൺ എട്ടിന് കേസെടുത്തിരുന്നു. മുൻകൂർ ജാമ്യം തള്ളിയ സാഹച്യത്തിൽ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കുമെന്നാണ് സൂചന.
കണ്ടെത്തിയത് വൻ അഴിമതി : ചതുരംഗപ്പാറ വില്ലേജിൽ 39/21, 39/22, 39/23 എന്നീ സർവേ നമ്പരുകളിലായുള്ള 80 ഏക്കർ ഭൂമിയാണ് ബിജെപി നേതാവ് കൈയേറിയത്. മാൻകുത്തിമേട് ആദിവാസി കോളനിക്ക് സമീപത്തുള്ള ഈ ഭൂമിയിൽ ടൂറിസം പദ്ധതി ലക്ഷ്യംവച്ചുകൊണ്ട് വിവിധ നിർമാണങ്ങളും ഇയാൾ നടത്തിയിരുന്നു. ആദിവാസി കോളനിയിലെ താമസക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൈയേറ്റം കണ്ടെത്തിയത്.
തുടർന്ന് ജില്ല കലക്‌ടറുടെ നിർദേശാനുസരണം ഈ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചു. സർക്കാർ ഭൂമിയിൽ അനധികൃതമായി നടത്തിയ നിർമാണങ്ങളും റവന്യൂ സംഘം തകർത്തിരുന്നു. പ്രദേശത്ത് നേതാവിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ രേഖകൾ ഹാജരാക്കാനും പൊലീസ് നോട്ടിസ് നൽകി. എന്നാൽ കൃത്യമായ രേഖകളല്ല ഇയാൾ നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
READ MORE: മന്‍കുത്തിമേട്ടിലെ അനധികൃത കൈയേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു
പ്രകൃതി സംരക്ഷണത്തിന്‍റെ പേരിലാണ് ഇയാൾ കൈയേറ്റങ്ങൾ നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പിന്നീട് ഇവിടേക്ക് ആരെയും എത്താൻ അനുവദിക്കാതെ വേലികൾ കെട്ടി തിരിക്കും. കാറ്റാടി പദ്ധതിയും, ടൂറിസം അനുബന്ധ പദ്ധതികളും ലക്ഷ്യമിട്ടുകൊണ്ട് നേതാവും കുടുംബാംഗങ്ങളും ചേർന്ന് രൂപവത്കരിച്ച കമ്പനിയെയും കൈയേറ്റത്തിന് മറയാക്കിയിട്ടുണ്ട്.
പ്രദേശത്തെ റവന്യൂ ഭൂമിയിൽ നിന്ന് പാറ ഖനനം നടത്താനും മണ്ണ് കടത്താനും ഇയാൾ ശ്രമം നടത്തിയിരുന്നു. ഇത് റവന്യൂ വകുപ്പ് ഇടപെട്ട് തടഞ്ഞു. കേസിൽ സർക്കാരിനായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി. സുനിൽ ദത്ത് ഹാജരായി.