ഇടുക്കി: തൊഴിലാളി ക്ഷാമം മൂലം കാപ്പിക്കുരു വിളവെടുക്കുവാൻ ആധുനിക യന്ത്രങ്ങളുടെ സഹായം തേടി ഹൈറേഞ്ച് കർഷകർ. ന്യായവില ലഭിക്കാതായതോടെ ഹൈറേഞ്ചിൻ്റെ കാർഷിക മേഖലയുടെ നട്ടെല്ലായിരുന്ന കാപ്പികൃഷി ഇടത്തരം ചെറുകിട കർഷകർ ഉപേക്ഷിക്കുകയാണ്. ഈ സീസണിൽ ഹെക്ടർ കണക്കിന് സ്ഥലത്തെ കാപ്പിയാണ് വിളവെടുക്കാതെ നശിക്കുന്നത്.
ബാംഗ്ലൂരിൽ നിന്നെത്തിക്കുന്ന 'കോഫി പ്ലക്കർ' എന്ന യന്ത്രമാണ് ഹൈറേഞ്ചിൽ ഇപ്പോൾ വിളവെടുപ്പിന് ഉപയോഗിക്കുന്നത്. 15,000 രൂപ വിലവരുന്ന ഈ യന്ത്രം ഉപയോഗിച്ച് തൊഴിലാളികളുടെ സഹായമില്ലാതെ കർഷകർ നേരിട്ട് വിളവെടുക്കുകയാണിപ്പോൾ. ഒരു ദിവസം കൊണ്ട് അര ഏക്കറോളം സ്ഥലത്തെ വിളവെടുക്കാമെന്നതും ഇലയോ കമ്പോ ഒടിയില്ലന്നതും യന്ത്രത്തിൻ്റെ മേൻമയായി കർഷകർ പറയുന്നു.
അതേസമയം, ഹൈറേഞ്ചിലെ ഭൂരിഭാഗം ചെറുകിട ഇടത്തരം കർഷകർ കാപ്പികൃഷി ഉപേക്ഷിച്ച് കഴിഞ്ഞു. കാപ്പിക്ക് ന്യായവില ലഭിക്കാത്തതും സർക്കാർ സഹായം ലഭിക്കാത്തതുമാണ് കാരണം. നിലവിൽ കാപ്പികുരുവിന് 75 രൂപയും പരിപ്പിന് 120 രൂപയുമാണ് വില ലഭിക്കുന്നത്.