ഇടുക്കി: കേരള കോൺഗ്രസ് ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത ജോസ് വിഭാഗത്തിന്റെ നടപടിക്ക് കോടതിയിൽ വീണ്ടും തിരിച്ചടി. ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ കോടതി ഏർപ്പെടുത്തിയ താത്കാലിക വിലക്ക് ഇടുക്കി മുൻസിഫ് കോടതി ശരിവെച്ചു.
കേരള കോൺഗ്രസ് പാർട്ടി ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി ചേർന്നാണ് ചെയർമാനെ തെരഞ്ഞെടുത്തതെന്ന ജോസ് വിഭാഗത്തിന്റെ ഹർജിയിലെ വാദം ഇടുക്കി മുൻസിഫ് കോടതി തള്ളി. പി.ജെ ജോസഫ് വിഭാഗം നൽകിയ ഹർജി പരിഗണിച്ചായിരുന്നു ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ കോടതി സ്റ്റേ ചെയ്തിരുന്നത്. പാർട്ടി ഭരണഘടനയുടെ വിജയമാണിതെന്ന് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
വിധിപകർപ്പ് പഠിച്ചശേഷം മേൽക്കോടതിയെ സമീപിക്കാനാണ് ജോസ് കെ മാണി പക്ഷ തീരുമാനം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വലിയ നിയമപോരാട്ടത്തിലേക്കാണ് ജോസഫ് -ജോസ് വിഭാഗങ്ങൾ കടക്കുന്നത്.