ഇടുക്കി: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്‌ടർ എച്ച് ദിനേശൻ. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ അനർഹരായ നിരവധിയാളുകൾ പ്രളയ ഫണ്ട് തട്ടിയെടുത്തത് മൂലം അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത അവസ്ഥയാണ്. കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ നിരവധി വീടുകൾ തകരുകയും ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിക്കുകയും ചെയ്‌തിരുന്നു. വീടും സ്ഥലവും നഷ്‌ടപ്പെട്ട ആളുകൾക്ക് സർക്കാർ സഹായം പ്രഖ്യാപിക്കുകയും വില്ലേജ് ഓഫീസുകൾ വഴി ധനസഹായം നൽകുകയും ചെയ്‌തു.
എന്നാൽ അനർഹരായ നിരവധിയാളുകൾ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റി. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് 1300 അപേക്ഷകളാണ് കൊന്നത്തടി വില്ലേജ് ഓഫീസിൽ ലഭിച്ചത്. ഇവർക്ക് സർക്കാർ ധനസഹായം നൽകുകയും ചെയ്‌തു. എന്നാൽ പിന്നീട് കൊന്നത്തടി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പ്രാരംഭ അന്വേഷണത്തിൽ അനർഹരായ നിരവധിയാളുകൾ സ്വാധീനം ഉപയോഗിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തി. ഈ റിപ്പോർട്ട് ജില്ലാ കലക്‌ടർക്ക് സമർപ്പിക്കുകയും ചെയ്‌തു.
ഇതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കലക്‌ടർ കൊന്നത്തടി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. ഫണ്ട് അനുവദിച്ചതില്‍ ഇരട്ടിപ്പ് അടക്കമുള്ളവ നടന്നിട്ടുണ്ട്. അനര്‍ഹരായവർ ഫണ്ട് തട്ടിയെടുക്കുമ്പോൾ അർഹതയുള്ള നിരവധിയാളുകൾ തകർന്ന കൂരയിൽ കഴിയുന്നുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. പഞ്ചായത്തിൽ പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയ മുഴുവൻ ആളുകളെയും കണ്ടെത്തി കൈപ്പറ്റിയ തുക സർക്കാരിലേക്ക് തിരിച്ച് അടക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.