ഇടുക്കി: മൂന്നാർ തലയാർ എസ്റ്റേറ്റിൽ പരിക്കേറ്റു വീണ കാട്ടുപോത്തിന്‍റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ഇവരുടെ കൈയിൽ നിന്നും 150 കിലോ ഇറച്ചിയും പിടികൂടി. മൂന്നാർ തലയാർ എസ്റ്റേറ്റിൽ താമസിക്കുന്ന രാമർ(40), അമൃതരാജ്(36), ആനന്ദകുമാർ(38), കറുപ്പുസ്വാമി(46), രമേഷ്(36) എന്നിവരെയാണ് മൂന്നാർ ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. തലയാർ എസ്റ്റേറ്റിലെ തൊഴിലാളികളാണ് പ്രതികൾ.
മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്‍റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അവശ നിലയിലായ പോത്തിനെ നിരീക്ഷിച്ചു വരികയായിരുന്നെന്നും ശനിയാഴ്‌ച(16.07.2022) രാവിലെ ചത്തുവീണപ്പോഴാണ് ഇറച്ചി ശേഖരിച്ചതെന്നുമാണ് പിടിയിലായവർ വനപാലകരോട് പറഞ്ഞത്. ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതർ കസ്റ്റഡിയിൽ എടുത്തു.
കാട്ടുപോത്തിനെ ഇവർ വേട്ടയാടിയതാണോ എന്ന് അന്വേഷണം നടത്താനാണ് വനംവകുപ്പിന്‍റെ നീക്കം. പരസ്‌പരമുള്ള ഏറ്റുമുട്ടൽ മൂലമോ മറ്റ് മൃഗങ്ങളുടെ ആക്രമണം മൂലമോ പോത്തിന് പരിക്കേറ്റിരിക്കാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. പ്രതികളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കി.