ഇടുക്കി: ഇടുക്കി ചെറുതോണി ടൗണില്‍ പെരിയാറിന് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ വകുപ്പു മന്ത്രി നിഥിന്‍ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരനും സന്നിഹിതരായിരുന്നു.
2018ലെ പ്രളയത്തെത്തുടര്‍ന്ന് ഡാം തുറക്കേണ്ടി വന്ന സാഹചര്യത്തില്‍ നിലവിലുള്ള പാലത്തില്‍ അപകടകരമായ വിധത്തില്‍ വെള്ളം കയറിയിരുന്നു. മാത്രമല്ല വെള്ളത്തിന്‍റെ ശക്തിയാല്‍ ഇതോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡ് ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഇവിടെ പുതിയ പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയും കേന്ദ്രം 23.87 കോടി രൂപ അനുവദിക്കുകയും ചെയ്തു. ചടങ്ങിൽ റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. ചെറുതോണി ടൗണിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ കലക്ടർ എച്ച്.ദിനേശൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.