ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും വന്‍ മരംകൊള്ള. റവന്യൂ ഭൂമിയില്‍നിന്നും ഗ്രാന്‍റീസ് മരങ്ങള്‍ മുറിച്ച് കടത്തി. ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പട്ടയ ഭൂമിയില്‍ നിന്ന് പോലും മരം മുറിക്കാന്‍ റവന്യൂ വകുപ്പിന്‍റെ എന്‍ഒസി വേണമെന്നിരിക്കെയാണ് റവന്യൂ ഭൂമിയില്‍ നിന്നും മരം മുറിച്ചിരിക്കുന്നത്. അനധികൃത മരം മുറിക്കലിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഉണ്ടെന്ന് ആരോപണം.
പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ഗ്രാന്‍റീസ് മരങ്ങള്‍ പോലും മുറിക്കാന്‍ വനംവകുപ്പ് തടസം നില്‍ക്കുന്ന മേഖലയാണ് ചിന്നക്കനാല്‍. ഇവിടെയാണ് റവന്യൂ ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന ഗ്രാന്‍റീസ് മരങ്ങള്‍ മുറിച്ച് കടത്തിയിരിക്കുന്നത്. സര്‍വ്വേ നമ്പര്‍ 34/1ല്‍പ്പെട്ട റവന്യൂ ഭൂമിയില്‍ നിന്നുമാണ് മരംമുറിച്ചിരിക്കുന്നത്.
നേരത്തെ മരം മുറിക്കല്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ചിന്നക്കനാൽ മേഖലയില്‍ നിന്നും വന്‍തോതില്‍ മരം മുറിച്ച് കടത്തിയതായി കണ്ടെത്തിയതോടെ ഇവിടെനിന്നും മരം മുറിക്കുന്നതിന് റവന്യൂ വകുപ്പിന്‍റെ എന്‍ഒസി നിര്‍ബന്ധമാക്കിയിരുന്നു. ഇതോടെ ഇവിടെ നട്ടു വളര്‍ത്തിയിരുന്ന ഗ്രാന്‍റീസ് മരങ്ങള്‍ മുറിക്കുന്നതും നിലച്ചിരിക്കുമ്പോളാണ് റവന്യൂ ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ച് ലോഡ് കയറ്റിയിരിക്കുന്നത്.
ഫോറസ്റ്റ് ഓഫിസിന് മുന്‍വശത്തുകൂടി മരങ്ങള്‍ ലോഡുകയറ്റി കൊണ്ട് പോയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തത് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടാണെന്ന ആരോപണവും ഉയരുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ പട്ടയ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്തുനിന്നുമാണ് കൈയേറി മരം മുറിക്കല്‍ നടത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പട്ടയം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
Also read: അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന