ഇടുക്കി : റോഡ് നിർമ്മാണത്തിന്‍റെ മറവിൽ അനധികൃത മരം മുറിക്കല്‍. നെടുങ്കണ്ടം, രാജാക്കാട് മുന്നൂറേക്കർ മേഖലകളിലാണ് മരം മുറിച്ചത്. തേവാരം മെട്ട് വനംവകുപ്പ് സെക്ഷന്‍റെ കീഴിൽ നിന്നും 18 മരങ്ങളും പൊന്മുടി വനംവകുപ്പ് സെക്ഷന്‍റെ കീഴിൽ നിന്നും 30 മരങ്ങളും മുറിച്ചുവെന്നാണ് വനം വകുപ്പിന്‍റെ പ്രഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
ചന്ദനവയമ്പ്, വേങ്ങ, മയില, വട്ട എന്നീ ഇനങ്ങളിൽപ്പെട്ട മരങ്ങളാണ് മുറിച്ച് കടത്തിയിരിക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. അനുമതി വാങ്ങാതെയാണ് മരങ്ങള്‍ മുറിച്ചതെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും കരാറുകാരനെയും പ്രതിചേര്‍ത്ത് കേസെടുത്തതായും ദേവികുളം റെയ്ഞ്ച് ഓഫിസര്‍ ബി. അരുണ്‍ മഹാരാജ പറഞ്ഞു.
also read: 'മരംമുറിക്കേസ് പ്രതികള്‍ മുഖ്യമന്ത്രിയെ കണ്ടു' ; ഫോട്ടോ പുറത്തുവിട്ട് പി.ടി തോമസ്
അതേസമയം മുറിച്ച മരങ്ങൾ നഷ്ടമായിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വനംവകുപ്പിനൊപ്പം ജില്ല ഭരണകൂടവും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.