ഇടുക്കി: ആക്രമണകാരികളായ കാട്ടാനകളെ തുരത്തുന്ന നടപടികള്‍ വനംവകുപ്പ് വേഗത്തിലാക്കിയെങ്കിലും വീടും കൃഷിയിടവും നഷ്‌ടപ്പെട്ടവര്‍ക്കുള്ള നഷ്‌ടപരിഹാര തുക വിതരണത്തിൽ നടപടിയൊന്നും ആയില്ലെന്ന പരാതിയുമായി ദുരിതബാധിതർ. വീടുകള്‍ തകര്‍ന്നത് പോലും നേരിട്ട് കാണാതെ ഉദ്യോഗസ്ഥര്‍ നഷ്‌ടപരിഹാര തുക തീരുമാനിക്കുന്നതായും പരാതിയുണ്ട്.
ജനുവരി മൂന്നാം തീയതിയാണ് ഇടുക്കി ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ തങ്കസ്വാമിയുടെ വീടിന്‍റെ മുന്‍വശവും പിന്‍വശവും കാട്ടാന ഇടിച്ച് തകര്‍ത്തത്. മകന്‍റെ പഠന ആവശ്യങ്ങള്‍ക്കായി തൊടുപുഴയ്‌ക്ക് പോയി മടങ്ങിയെത്തിയപ്പോള്‍ വൈകിയതിനാല്‍ തങ്കസ്വാമി ആനയിറങ്കലില്‍ തങ്ങി. രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീട് തകര്‍ന്ന് കിടക്കുന്നത് കാണുന്നത്.
സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും യാതൊരു സുരക്ഷയും ഇല്ലാത്തതിനാല്‍ സ്വന്തം ചിലവില്‍ വീടിന് ചുറ്റും ട്രഞ്ച് താഴ്‌ത്തിയിരുന്നെങ്കിലും ഇത് മറികടന്നാണ് കാട്ടാനയെത്തി ആക്രമണം നടത്തിയത്. തുടര്‍ന്ന് വനം റവന്യൂ വകുപ്പ് അധികൃതരെ വിവരമറിയിച്ച് ഒരു മാസം പിന്നിട്ടിട്ടും ആരും ഇവിടേയ്‌ക്കെത്തിയിട്ടില്ല. സ്ഥലത്തെത്തി പരിശോധന നടത്താതെ ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ 40,000 രൂപ നഷ്‌ടം കണക്കാക്കിയതായും തങ്കസ്വാമി പറഞ്ഞു.
മുന്‍വശത്തും പിന്‍വശത്തും കാട്ടാന ആക്രമണം നടത്തിയതോടെ മറ്റ് ഭിത്തികള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും തകര്‍ന്ന് വീഴാനുള്ള സാധ്യതയും നിലവിലുണ്ട്. അതുകൊണ്ട് തന്നെ രാത്രികാലത്ത് ഇതിനുള്ളിൽ കിടന്നുറങ്ങാന്‍ കഴിയില്ലെന്നും അതിനാല്‍ പുറത്താണ് കിടന്നുറങ്ങുന്നതെന്നും തങ്കസ്വാമി പറഞ്ഞു. വീട് പൂര്‍ണമായും പുനര്‍ നിര്‍മിച്ചാല്‍ മാത്രമേ സുരക്ഷിതമായി അന്തിയുറങ്ങാന്‍ സാധിക്കുകയുള്ളൂ.
നഷ്‌ടപരിഹാരം കൃത്യമായി നല്‍കുന്നില്ലെന്ന് മാത്രമല്ല അത് കൃത്യമായി കണക്കാക്കി നൽകുന്നതിലും വനം റവന്യൂ വകുപ്പുകള്‍ വലിയ അലംഭാവം കാണിക്കുകയാണെന്നും തങ്കസ്വാമി ആരോപിച്ചു.